Wednesday, 05 Dhu al-Qi'dah 1439
You are here: HomeOrganizationInstitutionsMarkazമുസ്‌ലിം ആചാരങ്ങളെ ക്രിമിനല്‍വത്കരിക്കാനുള്ള നീക്കത്തില്‍ നിന്ന് പിന്‍മാറണം: കാന്തപുരം

മുസ്‌ലിം ആചാരങ്ങളെ ക്രിമിനല്‍വത്കരിക്കാനുള്ള നീക്കത്തില്‍ നിന്ന് പിന്‍മാറണം: കാന്തപുരം

Published in Markaz
11 January 2018

മര്‍കസ് നഗര്‍: മുസ്‌ലിംകളെ കുറ്റവാളി സമൂഹമായി പ്രഖ്യാപിക്കാനുള്ള നീക്കങ്ങള്‍ക്ക് അരങ്ങൊരുക്കുന്നതിന്റെ തുടക്കമാണ് മുത്വലാഖുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇപ്പോള്‍ നടക്കുന്നതെന്ന് വേണം സംശയിക്കാനെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ പുനഃപരിശോധന നടത്തുമെന്നാണ് പ്രതീക്ഷ. ഭരണഘടനയുടെ അന്തസ്സത്തയെ തന്നെയാണ് ഇതിലൂടെ ചോദ്യം ചെയ്യപ്പെടുന്നത്. മറ്റു മതങ്ങളുടെ കാര്യത്തിലെല്ലാം സിവില്‍ നിയമത്തിന്റെ പരിധിയിലുള്ള വിവാഹവുമായി ബന്ധപ്പെട്ട നിയമങ്ങള്‍, മുസ്‌ലിംകള്‍ക്ക് മാത്രം എന്തുകൊണ്ടാണ് ക്രിമിനല്‍ നിയമത്തിന്റെ ഭാഗമാകുന്നതെന്ന് ബന്ധപ്പെട്ടവര്‍ വിശദീകരിക്കണം. മുസ്‌ലിം ആചാരാനുഷ്ഠാനങ്ങളെ ക്രമിനല്‍വത്കരിക്കാനാണോ ഇതെന്ന് സംശയിക്കുന്നു. മുത്വലാഖ് വിഷയത്തില്‍ ഇപ്പോള്‍ നടക്കുന്ന നീക്കങ്ങള്‍ മുസ്‌ലിംകളുടെ മാത്രം പ്രശ്‌നമല്ല. എല്ലാവരെയും ബാധിക്കാന്‍ പോകുന്ന പ്രശ്‌നങ്ങളുടെ തുടക്കമാണിത്. മുസ്‌ലിംകളെ അവരുടെ ശത്രുക്കളുടെ കൈയിലെ കളിപ്പാവകളായി എറിഞ്ഞുകൊടുക്കുന്നതില്‍ വലിയ പങ്കുവഹിക്കുന്നത് മത പരിഷ്‌കരണവാദികള്‍ എന്ന് സ്വയം അവകാശപ്പെടുന്നവരാണ്. ത്വലാഖിനെ കുറിച്ച് തെറ്റായ ധാരണ പരത്തിയവരും ഇവരാണ്. സമുദായത്തെ പരിഷ്‌കരിക്കലല്ല, മറിച്ച് ശത്രുക്കള്‍ക്ക് ആയുധവും ആള്‍ബലവും നല്‍കലാണ് ഇവരുടെ പ്രധാന തൊഴില്‍. അതാത് കാലത്തെ ഭരണകൂടങ്ങളുടെ ഉപകരണങ്ങളാണ് ഈ പരിഷ്‌കരണ വാദികള്‍. ഓരോ മേഖലയിലെയും വിദഗ്ധരാണ് അതാതു മേഖലകളെക്കുറിച്ച് തീരുമാനങ്ങള്‍ പറയേണ്ടത്. അതുകൊണ്ട് മതത്തെക്കുറിച്ച് തീരുമാനങ്ങള്‍ പറയേണ്ടത് മതം പഠിക്കുകയും അതു പിന്തുടരുകയും ചെയ്യുന്ന പണ്ഡിതരാണ്. രാജ്യത്തെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണം എന്നാഗ്രഹിക്കുന്നവര്‍ അവര്‍ക്ക് മാന്യമായി ജീവിക്കാനും അറിവ് നേടാനും തൊഴിലെടുക്കാനുമുള്ള അവസരം ഒരുക്കിക്കൊടുക്കണം. ത്വലാഖ് സ്ത്രീകളുടെ സംരക്ഷണത്തിന് വേണ്ടിയാണ്. ഭര്‍ത്താവിന്റെ ദുര്‍നടപ്പ് മൂലം ബന്ധം വിച്ഛേദിക്കേണ്ടി വരുന്ന സ്ത്രീകള്‍ക്ക് കൂടി തിരിച്ചടിയാണ് ഈ നിയമനിര്‍മാണം. മതത്തെ നവീകരിക്കുന്നതിന് ഇസ്‌ലാമിന് കൃത്യമായ മാര്‍ഗരേഖകളുണ്ട്. വിശ്വാസികളില്‍ നിന്നാണ് ശരീഅത്ത് ഏറ്റവും വലിയ ഭീഷണി നേരിടുന്നത്. ശരീഅത്തിനെ തെറ്റായി വ്യാഖ്യാനിച്ചും പിന്തുടര്‍ന്നും ഈ മതത്തിന്റെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടാന്‍ മറ്റുള്ളവര്‍ക്ക് അവസരം നല്‍കരുത്. എതു ശക്തമായ പ്രതിസന്ധികളെയും അതിജയിക്കാനുള്ള ആത്മവിശ്വാസമാണ് ശരീഅത്ത് നമുക്ക് നല്‍കിയിട്ടുള്ളത്. ശരീഅത്തിനെ പിന്തുടര്‍ന്നു കൊണ്ടു വേണം നാം ഈ പ്രതിസന്ധിയെ മറികടക്കാനെന്നും കാന്തപുരം കൂട്ടിച്ചേര്‍ത്തു. അറബ് – മുസ്‌ലിം രാജ്യങ്ങളെ എപ്പോഴും സംഘര്‍ഷങ്ങള്‍ നടക്കുന്ന പ്രദേശമായി നിലനിര്‍ത്തുന്നതിനു പിന്നില്‍ വലിയ താത്പര്യങ്ങളുണ്ട്. ഇതിന്റെ അവസാനത്തെ ഉദാഹരണമാണ് ജറുസലമിനെ ഇസ്‌റാഈലിന്റെ തലസ്ഥാനമാക്കാനുള്ള തീരുമാനം. ചെറുതാണെങ്കിലും ഫലസ്തീന്‍ വിഷയത്തില്‍ യു എന്‍ സ്വീകരിക്കുന്ന നിലപാടാണ് ഏക ആശ്വാസം. ഈ സാഹചര്യത്തില്‍ ഫലസ്തീനും യു എന്നിനുമുള്ള സാമ്പത്തിക സഹായം വര്‍ധിപ്പിക്കാന്‍ സമ്പന്ന മുസ്‌ലിം രാഷ്ട്രങ്ങള്‍ തയ്യാറാകണം. അറബ് രാജ്യങ്ങളിലെ മുസ്‌ലിം പണ്ഡിതന്മാരുടെ നേതൃത്വത്തില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ഒരു ഫോര്‍മുല രൂപപ്പെടുത്തണം. ലോകത്ത് ഏറ്റവും കൂടുതല്‍ മുസ്‌ലിംകള്‍ താമസിക്കുന്ന പ്രദേശം എന്ന നിലയില്‍ സൗത്ത് ഏഷ്യന്‍ രാജ്യങ്ങളിലെ മുസ്‌ലിം പണ്ഡിതന്മാരുടെ ശക്തമായ ഒരു കൂട്ടായ്മ മര്‍കസിന്റെ മുന്‍ കൈയില്‍ രൂപവത്കരിച്ചിട്ടുണ്ട്. മുസ്‌ലിം ലോകം നേരിടുന്ന വെല്ലുവിളികള്‍ക്ക് പരിഹാരം കണ്ടെത്തുന്നതില്‍ നേതൃപരമായ പങ്കുവഹിക്കുകയും ലോകത്തെ ഏറ്റവും വലിയ മുസ്ലിം സമൂഹത്തിന്റെ ശബ്ദം അന്താരാഷ്ട്ര വേദികളില്‍ എത്തിക്കുകയും ചെയ്യുകയാണ് ഈ കൂട്ടായ്മയുടെ ലക്ഷ്യമെന്നും കാന്തപുരം പറഞ്ഞു. മര്‍കസ് നഗര്‍: ഒരേ ആശയവും ആദര്‍ശവും പുലര്‍ത്തുന്നവര്‍ ഐക്യപ്പെടണമെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. രാഷ്ട്രീയ സമ്മേളനമാണെന്ന് തെറ്റിദ്ധരിച്ചവരാകും മര്‍കസ് സമ്മേളനം ബഹിഷ്‌കരിച്ചത്. ബഹിഷ്‌കരണം സംബന്ധിച്ച വാര്‍ത്തകളാണ് കണ്ടത്. ഇതിലെ വസ്തുതയെന്തെന്ന് അറിയില്ല. മുസ്‌ലിം ഐക്യത്തെക്കുറിച്ചുള്ള ബാലിശമായ ആഗ്രഹങ്ങളും കാഴ്ചപ്പാടുകളുമാണ് ഇവിടെ പലര്‍ക്കുമുള്ളതെന്നത് ഖേദകരമാണെന്നും കാന്തപുരം പറഞ്ഞു. രാഷ്ട്രീയ പ്രതിസന്ധികളെയും തിരിച്ചടികളെയും മറികടക്കാനുള്ള കുറുക്കുവഴി എന്ന നിലയിലാണ് മുസ്‌ലിം ഐക്യത്തെക്കുറിച്ചുള്ള ആലോചനകള്‍ തുടങ്ങുന്നത് തന്നെ. വിശ്വാസി സമൂഹം എന്ന മുന്‍ഗണന ഇല്ലാത്ത ഒരു ഐക്യവും നിലനില്‍ക്കില്ല. മുസ്‌ലിം ഐക്യശ്രമങ്ങള്‍ പരിഹാസ്യമായിത്തീരുന്നതിന്റെ കാരണവും ഇതാണ്. രാഷ്ട്രീയ പ്രശ്നങ്ങളെ സാമുദായികവത്കരിച്ച് രക്ഷപ്പെടാനാകില്ല. 

About us

bbbDesigned by : Jabir Kollam

WHO'S ONLINE