മനുഷ്യ നന്മക്ക് വേണ്ടി മുന്നിട്ടിറങ്ങുക: കാന്തപുരം

കോഴിക്കോട്: പല കാരണങ്ങളാല്‍ ദുരിതമനുഭവിക്കുന്ന മനുഷ്യര്‍ക്ക് വേണ്ടി രംഗത്തിറങ്ങാനും അവരുടെ സങ്കടങ്ങള്‍ക്ക് ആശ്വാസമേകാനും എസ് വൈ എസ് മുന്നില്‍ നിന്ന് പ്രവര്‍ത്തിക്കണമെന്ന് ഇന്ത്യന്‍ ഗ്രാന്‍റ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞു. കോഴിക്കോട് സമസ്ത ഓഡിറ്റോറിയത്തില്‍ എസ് വൈ എസ് സംസ്ഥാന പ്രധിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കാന്തപുരം.
ഈ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നമ്മുടെ ബാധ്യതയാണ്. ആസാമിലെ പ്രളയത്തില്‍ അരക്കോടിയിലധികം ജനങ്ങള്‍ ദുരിതമനുഭവിക്കുമ്പോള്‍ അവരുടെ കണ്ണീരൊപ്പാന്‍ നമ്മള്‍ കൂടെ നില്‍ക്കണം.
സുന്നീ പ്രസ്ഥാനത്തിന്‍റെ ഈ ബോധ്യങ്ങളാണ് അവര്‍ക്ക് ആവശ്യമായ സഹായങ്ങളും മെഡിക്കല്‍ ടീമടക്കമുള്ള സംവിധാനങ്ങളുമായി കേരള മുസ്ലിം ജമാഅത്തിന്‍റെ നേതൃത്വത്തില്‍ ആസാമിലേക്ക് പോയത്. ഈ പ്രളയങ്ങളില്‍ ദുരിതമനുഭവിക്കുന്ന ഓരോ ജീവിക്കും ജാതിയും മതവും നോക്കാതെ അര്‍ഹതപ്പെട്ട സഹായങ്ങള്‍ ലഭ്യമാക്കണം. സര്‍ക്കാറുമായി സഹകരിച്ച് കഴിയാവുന്നതൊക്കെ നാം ചെയ്യും.
ഇസ്ലാം ലോകത്തിന് നന്മയും സ്നേഹവും സഹിഷ്ണുതയുമാണ് പഠിപ്പിച്ചത്. മനുഷ്യരില്‍ വിഭാഗീയതയും ധ്രുവീകരണവും സൃഷ്ടിക്കുന്നവരെ തിരിച്ചറിയണം. പ്രതിസന്ധി ഘട്ടങ്ങളില്‍ ഇസ്ലാമിന്‍റെ ഈ നന്മയുടെ സന്ദേശമാണ് നമ്മെ മുന്നോട്ട് നയിക്കേണ്ടതെന്നും കാന്തപുരം തുടര്‍ന്ന് പറഞ്ഞു.
എസ് വൈ എസ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് ത്വാഹ സഖാഫിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കൗണ്‍സിലില്‍ കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടി സയ്യിദ് ഇബ്രാഹീം ഖലീലുല്‍ ബുഖാരി പ്രഭാഷണം നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി മജീദ് കക്കാട് പദ്ധതി അവതരണം നിര്‍വഹിച്ചു. വിവിധ വകുപ്പുകളെ അധികരിച്ച് നടന്ന ചര്‍ച്ചകള്‍ക്ക് സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി , ഡോ.എ പി അബ്ദുല്‍ ഹകീം അസ്ഹരി, റഹ്മതുള്ളാ സഖാഫി എളമരം, എം മുഹമ്മദ് സ്വാദിഖ്, എന്‍ എം സാദിഖ് സഖാഫി, എസ് ശറഫുദ്ധീന്‍, ആര്‍ പി ഹുസൈന്‍ മാസ്റ്റര്‍, അബൂബക്കര്‍ മാസ്റ്റര്‍ പടിക്കല്‍ നേതൃത്വം നല്‍കി.