എന്‍ ഐ എ ബില്ല് ആശങ്കകള്‍ അകറ്റണം: കാന്തപുരം

ഫറോക്ക് : ദേശ സുരക്ഷയുടെ പേരില്‍ രാജ്യത്തെ പൗരന്മാരുടെ സ്വാതന്ത്ര്യവും ജനാധിപത്യ അവകാശങ്ങളും ഹനിക്കരുതെന്ന് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞു.

പാര്‍ലമെന്റില്‍ അവതരിപ്പിക്കപ്പെട്ട എന്‍ ഐ എ ഭേദഗതി ബില്ലുമായി ബന്ധപ്പെട്ടുണ്ടായ ആശങ്കകള്‍ അകറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഫറോക്ക് ഖാദിസിയ്യ ഗ്രാന്‍ഡ് മസ്ജിദ് ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു കാന്തപുരം. ദേശീയ അന്വേഷണ ഏജന്‍സിക്ക് കൂടുതല്‍ അധികാരം നല്‍കുന്നത് ഭീതിയോടെയാണ് ജനാധിപത്യ പ്രസ്ഥാനങ്ങളും മനുഷ്യാവകാശ പ്രവര്‍ത്തകരും നോക്കിക്കാണുന്നത്.
കൊളോണിയല്‍ കാലം തൊട്ടേ ഭീകരനിയമങ്ങള്‍ പൗരസമൂഹത്തിനെതിരെ ദുഷ്ടലാക്കോടെയാണ് ഉപയോഗിച്ചു വരുന്നത്. നിലവില്‍ പ്രാബല്യത്തിലുള്ള യു എ പി എ യും മുമ്പ് നടപ്പിലാക്കിയ ഇത്തരത്തിലുള്ള നിയമങ്ങളും ദുരുപയോഗിക്കപ്പെട്ടതിലൂടെ നിരപരാധര്‍ ജയിലിലടയ്ക്കപ്പെടുകയും സാമൂഹികമായി ബഹിഷ്‌കരിക്കപ്പെടുകയും ചെയ്ത അനുഭവങ്ങള്‍ മുന്നിലുണ്ട്. ഇത് ആവര്‍ത്തിക്കപ്പെടരുത്. നിയമം ദുരുപയോഗിക്കുന്ന അന്വേഷണോദ്യോഗസ്ഥര്‍ ഭരണകൂടത്താല്‍ സംരക്ഷിക്കപ്പെടുന്നതിന് അറുതിയാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സമസ്ത പ്രസിഡണ്ട് റഈസുല്‍ ഉലമ ഇ സുലൈമാന്‍ മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. കേരള മുസ്‌ലിം ജമാഅത്ത് സെക്രട്ടറി ഇബ്രാഹിം ഖലീല്‍ ബുഖാരി മുഖ്യപ്രഭാഷണം നടത്തി.

ഫറോക്ക് നാഷണല്‍ ഹൈവേയോട് ചേര്‍ന്ന ഖാദിസിയ്യയുടെ പ്രധാന ക്യാമ്പസിലാണ് രണ്ടായിരം പേര്‍ക്ക് ഒരുമിച്ച് കൂടാവുന്ന വിധത്തില്‍ ഗ്രാന്‍ഡ് മസ്ജിദ് നിര്‍മിച്ചിരിക്കുന്നത്. 2002ല്‍ സയ്യിദ് മുഹമ്മദ് തുറാബ് തങ്ങളുടെ നേതൃത്വത്തില്‍ സ്ഥാപിതമായ ഖാദിസിയ്യക്ക് കീഴില്‍ ഇന്ന് നിരവധി സംരംഭങ്ങളുണ്ട്.

മസ്ജിദ് ഉദ്ഘാടന സമ്മേളനത്തില്‍ സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി തങ്ങള്‍, സയ്യിദ് പി.കെ.എസ് പൂക്കോയ തങ്ങള്‍ തലപ്പാറ, സയിദ് എസ്.ബി.പി. തങ്ങള്‍ പാനൂര് , സയിദ് ഷറഫുദ്ദീന്‍ ജമലുല്ലൈലി തങ്ങള്‍ ചേളാരി, സയ്യിദ് മുഹമ്മദ് തുറാബ് അസഖാഫി, സയ്യിദ് മുത്തു കോയ തങ്ങള്‍ പരുത്തിപ്പാറ , സയ്യിദ് സ്വാലിഹ് തുറാബ് തങ്ങള്‍ തുടങ്ങിയവര്‍ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി അവാര്‍ഡ് ദാനം നിര്‍വഹിച്ചു. സമസ്ത മുശാവറ അംഗങ്ങളായ കോടമ്പുഴ ബാവ മുസ്ലിയാര്‍, കെ കെ അഹമ്മദ് മുസ്ലിയാര്‍ കട്ടിപ്പാറ, വി പി എം ഫൈസി വില്യാപ്പളളി, അബ്ദുള്‍ നാസര്‍ അഹ്സനി ഒളവട്ടൂര്‍, പ്രൊഫസര്‍ എ കെ അബ്ദുല്‍ ഹമീദ്, വി എം കോയ മാസ്റ്റര്‍, പകര മുഹമ്മദ് അഹ്സനി, ഡോ. എ.പി. അബ്ദുല്‍ ഹക്കിം അസ്ഹരി , അബൂബക്കര്‍ സഖാഫി വെണ്ണക്കോട്, എ പി അബ്ദുല്‍ കരീം ഹാജി ചാലിയം, ചെറുവണ്ണൂര്‍ അബൂബക്കര്‍ ഹാജി, പി.എ.കെ മുഴപ്പാല, കുറ്റൂര്‍ അബ്ദുറഹ്മാന്‍ ഹാജി, നാസര്‍ ഹാജി ഓമച്ചപ്പുഴ, അപ്പോളോ മൂസ ഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു. ആദ്യകാല പ്രാസ്ഥാനിക മുന്നേറ്റത്തിന് നേതൃത്വം വഹിച്ച ചെറുവണ്ണൂര്‍ പി പി അബൂബക്കര്‍ ഹാജിയെ എക്സലന്‍സി അവാര്‍ഡ് നല്‍കി ചടങ്ങില്‍ ആദരിച്ചു. ചടങ്ങില്‍ സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി സ്വാഗതവും അബ്ദുല്‍ ലത്തീഫ് നന്ദിയും പറഞ്ഞു.