പെരുന്നാള്‍ അവധി: വര്‍ഗീയവത്കരിക്കരുത്: എസ് എസ് എഫ്

കോഴിക്കോട്: പെരുന്നാള്‍ അവധിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കേരളത്തില്‍ കാലങ്ങളായി നിലനില്‍ക്കുന്നതാണെന്നും ഇതിനെ വര്‍ഗീയവത്കരിക്കരുതെന്നും എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.

വിശ്വാസികളെയും അവരുടെ ആചാര അനുഷ്ഠാനങ്ങളേയും പരിഗണിച്ചുകൊണ്ടല്ലാതെ മുന്നോട്ട് പോകുക എന്നത് അസാധ്യമാണ്. ജൂണ്‍ മൂന്നിന് സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറക്കാനുള്ള സര്‍ക്കാറിന്റെ തീരുമാനം പുന: പരിശോധനയ്ക്ക് വിധേയമാക്കണം. ഇടത് വലത് സര്‍ക്കാറുകള്‍ മാറി മാറിവന്നിട്ടും കൊളോണിയല്‍ കാലംതൊട്ട് തുടര്‍ന്നുവരുന്ന അവധി നല്‍കല്‍ രീതി പരിഷ്‌കരിക്കാന്‍ ആരും തയ്യാറായിട്ടില്ല. അവധി നല്‍കുന്നതിലെ അശാസ്ത്രീയത തുടര്‍ന്നുകൊണ്ടുപോകുന്നതില്‍ ഇരുമുന്നണികള്‍ക്കും തുല്യപങ്കാണുള്ളതെന്നും വിവിധ മതവിഭാഗങ്ങള്‍ വ്യത്യസ്തമായ ആഘോഷങ്ങള്‍ കൊണ്ടാടുന്ന കേരളത്തിൽ പെരുന്നാള്‍ പോലുള്ള മുസ്ലിം ആഘോഷങ്ങളെ പരിഗണിച്ചുകൊണ്ടുള്ള അവധി നല്‍കണമെന്നും എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.

ക്രിയാത്മക പ്രതികരണത്തിനു പകരം
പെരുന്നാള്‍ അവധിയെ ലോകസഭ തിരഞ്ഞെടുപ്പിന്റെ പരാജയ പ്രതികാരമായി വ്യാഖ്യാനിച്ച് വര്‍ഗീയമായി ഉയര്‍ത്തികൊണ്ടുവരുന്നതും അംഗീകരിക്കാനാകില്ല. തിരഞ്ഞെടുപ്പുരാഷ്ട്രീയത്തോടും ന്യൂനപക്ഷ നിലപാടുകളോടും കൂട്ടിയിണക്കി വായിക്കപ്പെടേണ്ടതല്ല പെരുന്നാള്‍ അവധിയുമായി ബന്ധപ്പെട്ട ചര്‍ച്ചകളെന്നും എസ് എസ് എഫ് പറഞ്ഞു.