കാന്തപുരം മലേഷ്യന്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

ക്വാലാലംപൂര്‍: മലേഷ്യ സന്ദര്‍ശിക്കുന്ന ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ പ്രധാനമന്ത്രി ഡോ. മഹാതിര്‍ ബിന്‍ മുഹമ്മദുമായി കൂടിക്കാഴ്ച നടത്തി. ഇന്ന് രാവിലെ പ്രധാന മന്ത്രിയുടെ ക്വാലാലംപൂരിലെ ഓഫീസിലെത്തിയ കാന്തപുരത്തിന് ഹൃദ്യമായ സ്വീകരണമാണ് ലഭിച്ചത്.

കൂടിക്കാഴ്ചയില്‍ വിവിധ വിഷയങ്ങള്‍ ചര്‍ച്ചയായതായും ഇന്ത്യന്‍ മുസ്ലിങ്ങളുടെ ആശംസകള്‍ മലേഷ്യന്‍ പ്രധാന മന്ത്രിയെ അറിയിച്ചതായും ഗ്രാന്‍ഡ് മുഫ്തി പറഞ്ഞു. മഹാതിറിന്റെ പതിറ്റാണ്ടുകളായുള്ള സവിശേഷ കാഴ്ചപ്പാടുകളും ജനസമൂഹവുമായി പുലര്‍ത്തുന്ന ഊര്‍സ്വലമായ പാരസ്പര്യവുമാണ് മലേഷ്യയെ ഇന്നത്തെ നിലയിലേക്കു വളര്‍ത്തിയതെന്നും കാന്തപുരം പറഞ്ഞു.

മര്‍കസ് ഡയറക്ടര്‍ എപി അബ്ദുല്‍ ഹകീം അസ്ഹരിയും കൂടെയുണ്ടായിരുന്നു. ഇന്ത്യയില്‍ മര്‍കസ് നടത്തുന്ന വിദ്യാഭ്യാസ സാമൂഹിക പ്രവര്‍ത്തനങ്ങളെ കുറിച്ച് അദ്ദേഹം വിശദമായി ചോദിച്ചറിയുകയും മലേഷ്യയിലെ വിവിധ യൂണിവേഴ്‌സിറ്റികളുമായി സഹകരിച്ചു ഇരുരാജ്യങ്ങളും തമ്മില്‍ വിദ്യാഭ്യാസ മുന്നേറ്റം ശക്തമാക്കാനുള്ള പ്രവര്‍ത്തങ്ങള്‍ക്കുള്ള പിന്തുണകള്‍ അറിയിക്കുകയും ചെയ്തു.

മലേഷ്യയുടെ വൈജ്ഞാനികവും സാമൂഹികവും വികസനപരവുമായ മുഖത്തെ സമഗ്രമായി മാറ്റിയ നേതാവാണ് മഹാതീര്‍ മുഹമ്മദ്. 2018ല്‍ ഇപ്പോഴത്തെ ടേമിലേക്ക് പ്രധാന മന്ത്രി ആകുന്നതിന് മുമ്പേ 1981 മുതല്‍ 2003 വരെയും മലേഷ്യയെ ഭരിച്ചത് അദ്ദേഹമായിരുന്നു.