മർകസ് റമസാൻ ക്യാമ്പയിന് തുടക്കം; രാജ്യത്താകെ ഒന്നരക്കോടിയുടെ ഇഫ്താർ; 25 ലക്ഷത്തിന്റെ കിറ്റുകൾ

കോഴിക്കോട്: റമസാൻ 30 വരെ വ്യത്യസ്തമായ ആത്മീയ, ജീവകാരുണ്യ പദ്ധതികൾ മർകസിൽ നടക്കും. ഇന്ത്യയിലെ 21 സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന മർകസിന്റെ വിവിധ സംരംഭങ്ങളിലൂടെ ഒന്നരക്കോടിയുടെ ഇഫ്താറും 25 ലക്ഷം രൂപയുടെ കിറ്റ് വിതരണവും നടക്കും.

കഴിഞ്ഞ ദിവസം മർകസിൽ നടന്ന റമസാൻ മുന്നൊരുക്ക സമ്മേളനത്തിൽ ഹജ്ജ് കമ്മറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി പദ്ധതികൾ പ്രഖ്യാപിച്ചു. മർകസ് ക്യാമ്പസിൽ യാത്രക്കാർക്കും പൊതുജനങ്ങൾക്കും വിപുലമായ നോമ്പുതുറ ഒരുക്കുന്നുണ്ട്. ആയിരത്തോളം പേർക്ക് നോന്പ് തുറക്കാനുള്ള സൗകര്യമാണ് ഏർപ്പെടുത്തുന്നത്.

തിരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങളിലെ അനാഥ അഗതി വിദ്യാർഥികളുടെ നോമ്പ് തുറയും മർകസ് സജ്ജമാക്കുന്നുണ്ട്. ഇതര സംസ്ഥാന തൊഴിലാളികൾ, വിവിധ ക്യാന്പസ് ഹോസ്റ്റലുകളിൽ പഠിക്കുന്നവർ തുടങ്ങിയവർക്കും ഇഫ്താറിൽ പങ്കെടുക്കാൻ അവസരമുണ്ടാകും . ഇന്ത്യയുടെ ദുർബലരുമായ മുസ്‌ലിംകൾ അധിവസിക്കുന്ന ഇടങ്ങളിലും മർകസ് ഇഫ്താർ സൗകര്യവും വിവിധ പദ്ധതികളും നടപ്പാക്കും.

റമസാൻ 25-ാം രാവിൽ നടക്കുന്ന മർകസ് ആത്മീയ സമ്മേളനത്തിൽ ദക്ഷിണേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പതിനായിരങ്ങൾ പങ്കെടുക്കും. ചടങ്ങിൽ മർകസ് ചാൻസലർ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടെ വാർഷിക റമസാൻ പ്രഭാഷണവും നടക്കും. ഖുർആൻ പഠന ക്ലാസ്, ആത്മീയ പഠന ശിബിരം, ഹദീസ് പഠന ക്ലാസുകൾ, വനിതാ ക്ലാസ് എന്നിവയും മർകസിൽ നടക്കും. റമസാൻ 21-ാം രാവിൽ ഇഅതികാഫ് ജൽസയും 16 ന് ബദർ അനുസ്മരണ സമ്മേളനവും നടക്കും.

പ്രഖ്യാപന സംഗമത്തിൽ മർകസ് വൈസ് ചാൻസലർ ഡോ ഹുസൈൻ സഖാഫി ചുള്ളിക്കോട് മുഖ്യപ്രഭാഷണം നടത്തി. സയ്യിദ് ശിഹാബുദ്ധീൻ അഹ്ദൽ പ്രാർഥന നടത്തി. സയ്യിദ് സ്വാലിഹ് തുറാബ് തങ്ങൾ, മുഹമ്മദ് മുസ്‌ലിയാർ ചിയ്യൂർ, ഉസ്മാൻ മുസ്‌ലിയാർ മണ്ടാളിൽ, അബൂബക്കർ സഖാഫി പന്നൂർ, അക്ബർ ബാദുശ സഖാഫി, റഷീദ് സഖാഫി മങ്ങാട് പ്രസംഗിച്ചു.

Leave a Reply