സയ്യിദ് ഖലീല്‍ അല്‍ ബുഖാരി യു എ ഇ പ്രസിഡന്റിന്റെ റമസാന്‍ അതിഥി

മലപ്പുറം: യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ ഈ വര്‍ഷത്തെ റമസാന്‍ അതിഥിയായി കേരള മുസ്ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറിയും മലപ്പുറം മഅ്ദിന്‍ ചെയര്‍മാനുമായ സയ്യിദ് ഇബ്റാഹീം ഖലീല്‍ അല്‍ ബുഖാരി അബുദാബിയിലെത്തി. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള അതിഥികളായ പണ്ഡിതര്‍ക്കിടയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചാണ് ഖലീല്‍ തങ്ങള്‍ എത്തിയത്. ഇത് രണ്ടാം തവണയാണ് തങ്ങള്‍ യു എ ഇ പ്രസിഡന്റിന്റെ റമസാന്‍ അതിഥിയാവുന്നത്. 2012ല്‍ തങ്ങള്‍ അതിഥിയായിരുന്നു.

ഈ മാസം 25 വരെയുള്ള ദിവസങ്ങളിലായി യു എ ഇയുടെ വിവിധ ഭാഗങ്ങളിലെ മസ്ജിദുകളിലും മറ്റു പ്രത്യേക സ്ഥലങ്ങളിലുമായി നടക്കുന്ന തങ്ങളുടെ പ്രഭാഷണങ്ങളുടെ തുടക്കം തിങ്കളാഴ്ചയാണ്. അബുദാബി മദീന സായിദിലെ എന്‍ എം സിക്ക് സമീപമുള്ള ഗാനിം ബിന്‍ ഹമൂദ മസ്ജിദില്‍ തറാവീഹ് നിസ്‌കാര ശേഷമാണ് ആദ്യപ്രഭാഷണം.

രാജ്യത്ത് സഹിഷ്ണുതാ വര്‍ഷാചരണം നടക്കുന്നതിനിടെയുള്ള വിശുദ്ധ റമസാനില്‍ പ്രസിഡന്റിന്റെ അതിഥിയായെത്തുന്നതില്‍ ഏറെ അഭിമാനവും സന്തോഷവുമുണ്ടെന്ന് അബുദാബിയിലെത്തിയ തങ്ങള്‍ പറഞ്ഞു.

ആധുനിക സമൂഹത്തില്‍ ഏറെ അനിവാര്യമായ ഒന്നാണ് വിവിധ മത വിശ്വാസികള്‍ക്കിടയിലെ സഹിഷ്ണുതയെന്നും വിവിധ പരിപാടികളിലൂടെ ഇത് പ്രചരിപ്പിക്കാന്‍ ഒരു വര്‍ഷം തന്നെ നീക്കിവെച്ച ഇമാറാത്തിന്റെ ഭരണാധികാരികള്‍ ഏറെ പ്രശംസിക്കപ്പെടേണ്ടവരാണെന്നും ഖലീല്‍ തങ്ങള്‍ പറഞ്ഞു. ലോകത്തിലെ പ്രമുഖമായ രണ്ട് മതങ്ങളുടെ ആഗോള നേതാക്കളെ പങ്കെടുപ്പിച്ച് പരസ്പരം അറിയാനും അടുക്കാനും ഉതകുന്ന രീതിയില്‍ മാസങ്ങള്‍ക്ക് മുമ്പ് സഹിഷ്ണുതാസമ്മേളനം സംഘടിപ്പിച്ചതിലൂടെ സഹിഷ്ണുത പ്രഖ്യാപനങ്ങളിലൊതുക്കുന്നതിന് പകരം പ്രാവര്‍ത്തികമാക്കി ലോകത്തിന് കാണിച്ചുകൊടുക്കുകയായിരുന്നു ഇമാറാത്തിന്റെ ഭരണാധികാരികളെന്നും തങ്ങള്‍ ചൂണ്ടിക്കാട്ടി.

യു എ ഇയുടെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന തന്റെ മുഴുവന്‍ പ്രഭാഷണങ്ങളിലും മുഖ്യപ്രമേയം സഹിഷ്ണുതയായിരിക്കുമെന്നും ഖലീല്‍ തങ്ങള്‍ സൂചിപ്പിച്ചു. തങ്ങളുടെ പ്രഭാഷണ പരിപാടികളുടെ വിജയത്തിനായി വിവിധ ഭാഗങ്ങളില്‍ പ്രാദേശിക സ്വാഗതസംഘങ്ങള്‍ രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നുണ്ട്. ഇന്നലെ അബുദാബിയിലെത്തിയ ഖലീല്‍ തങ്ങളെ സ്വീകരിക്കാന്‍ യു എ ഇ മതകാര്യ വകുപ്പ് പ്രതിനിധികള്‍ക്ക് പുറമെ ഐ സി എഫ് നേതാക്കളായ അബ്ദുല്‍ ഹമീദ് പരപ്പ, ഉസ്മാന്‍ സഖാഫി തിരുവത്ര, പി വി അബൂബക്കര്‍ മൗലവി, ഹംസ അഹ്‌സനി വയനാട്, ലത്തീഫ് ഹാജി മാട്ടൂല്‍ തുടങ്ങിയവരും എത്തിയിരുന്നു.

Leave a Reply

Your email address will not be published.