വിരുന്നു വന്നു, അല്ലാഹുവിന്റെ മാസം

വിശ്വാസികള്‍ക്ക് ജീവിതത്തെ കുറിച്ച്, അതിന്റെ ലക്ഷ്യങ്ങളെ കുറിച്ച് ഹൃദയത്തില്‍ ഏറ്റവുമധികം ബോധ്യം നിറയാറുള്ളത് റമസാനിലാണ്. ഒരോ പ്രാര്‍ഥനകളും പ്രവര്‍ത്തനങ്ങളും അല്ലാഹുവും സൃഷ്ടികളും തമ്മിലുള്ള ബന്ധത്തെ ഓര്‍മിപ്പിക്കുന്നു. ഈ ജീവിതമല്ല പരമമായത് എന്ന ബോധം വിശ്വാസികളില്‍ ഉണ്ടാക്കുന്നു. മരണ ശേഷം വരാനിരിക്കുന്ന വലിയ, അവിരാമമായ ജീവിതത്തെ പറ്റി ആലോചിക്കാനും അവിടെ സൗഖ്യം ഉണ്ടാക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ വ്യാപരിക്കാനും വിശ്വാസികളെ പ്രേരിപ്പിക്കുന്നു.

കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍

റമസാന്‍ വിശ്വാസികള്‍ക്ക് സുകൃതങ്ങളുടെ പൂക്കാലമാണ്. അവര്‍ ഏറ്റവുമധികം ആഹ്ലാദത്തോടെ വരവേല്‍ക്കുന്ന മാസം. നന്മയുടെയും ദൈവിക ചിന്തയുടെയും നിരന്തരമായ ആരാധനകളുടെയും മാസം. എല്ലാറ്റിനുമുപരി, വ്രതമെടുത്ത് അല്ലാഹുവിനായി സര്‍വവും സമര്‍പ്പിക്കുന്ന വിശ്വാസികളുടെ മാസം.

വിശ്വാസികള്‍ക്ക് ജീവിതത്തെ കുറിച്ച്, അതിന്റെ ലക്ഷ്യങ്ങളെ കുറിച്ച് ഹൃദയത്തില്‍ ഏറ്റവുമധികം ബോധ്യം നിറയാറുള്ളത് റമസാനിലാണ്. ഒരോ പ്രാര്‍ഥനകളും പ്രവര്‍ത്തനങ്ങളും അല്ലാഹുവും സൃഷ്ടികളും തമ്മിലുള്ള ബന്ധത്തെ ഓര്‍മിപ്പിക്കുന്നു. ഈ ജീവിതമല്ല പരമമായത് എന്ന ബോധം വിശ്വാസികളില്‍ ഉണ്ടാക്കുന്നു. മരണ ശേഷം വരാനിരിക്കുന്ന വലിയ, അവിരാമമായ ജീവിതത്തെ പറ്റി ആലോചിക്കാനും അവിടെ സൗഖ്യം ഉണ്ടാക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ വ്യാപരിക്കാനും വിശ്വാസികളെ പ്രേരിപ്പിക്കുന്നു.

സൂറത് ബഖറയില്‍ റമസാനുമായി ബന്ധപ്പെട്ടു വിശ്വാസികളെ ഉത്‌ബോധിപ്പിച്ചു അല്ലാഹു പഠിപ്പിക്കുന്നത്; വിശ്വാസികളേ, നിങ്ങള്‍ക്കും മുന്‍ഗാമികള്‍ക്കും നോമ്പ് നിര്‍ബന്ധമാക്കിയത് നിങ്ങള്‍ തഖ്വ ഉള്ളവരാകാന്‍ വേണ്ടിയാണ് എന്നാണ്. അഥവാ റമസാന്‍ കൊണ്ട് പ്രധാനമായി അല്ലാഹു ഉദ്ദേശിക്കുന്നത്, മനുഷ്യര്‍ അപാരമായ ഭക്തി ആര്‍ജിച്ചവരാകണം എന്നാണ്. അതിനാല്‍ തന്നെ വിശ്വാസികളെ ഭക്തിയുള്ളവരാക്കുന്നതിന് ആവശ്യമാകുന്ന സവിശേഷമായ വിധത്തിലാണ് ഈ മാസത്തെ; അതിന്റെ കര്‍മങ്ങളെ അല്ലാഹുവും റസൂല്‍ മുഹമ്മദ് നബി(സ്വ)യും പഠിപ്പിക്കുന്നത്.

റമസാനിലെ ഏറ്റവും പ്രധാന കര്‍മം വ്രതമാണ്. സുബഹി വാങ്ക് മുതല്‍ മഗ്രിബ് വാങ്ക് വരെയുള്ള അന്നപാനീയ വിപാടനവും, ശാരീരിക വൈകാരിക പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിടുതി നേടലുമായി നിര്‍വഹിക്കുന്ന കര്‍മം. സത്യത്തില്‍ ഭക്ഷണത്തില്‍ നിന്നുള്ള മാറിനില്‍ക്കല്‍ പലതരം ചിന്തകളെ നല്‍കും മനുഷ്യന്. ദിവസവും മൂന്നോ നാലോ നേരം ഭക്ഷണം കഴിക്കുന്നവരാണ് നാമോരുരത്തരും. അല്ലാഹു അനുഗ്രഹിച്ചതിനാല്‍ ഉള്ള സമൃദ്ധിയുടെ വിളയാട്ടം വിശപ്പിന്റെ വേദനകള്‍ നമ്മെ അറിയിക്കാറില്ല. വയറ് കാലിയാകുമ്പോള്‍ നമ്മുടെ അസ്തിത്വത്തെ നാം ഓര്‍ക്കും. എല്ലാം നമുക്ക് നല്‍കുന്ന അല്ലാഹുവിനെ കുറിച്ചുള്ള വിചാരങ്ങള്‍ മനസ്സില്‍ നിറക്കും.

ഭക്ഷണത്തില്‍ നിന്നുള്ള മാറി നില്‍ക്കല്‍ കൊണ്ട് നോമ്പിന്റെ പൂര്‍ണതയെ പ്രാപിക്കാന്‍ ആകില്ല. അതിനു വേണ്ടത് അള്ളാഹു പറഞ്ഞ പ്രകാരമുള്ള ജീവിതം ക്രമപ്പെടുത്തലാണ്. നടത്തത്തിലും കിടത്തത്തിലും ഇരുത്തത്തിലുമെല്ലാം അള്ളാഹു എന്ന ബോധം നമ്മില്‍ നിറയണം. അല്ലാഹു കല്‍പ്പിച്ച രീതിയിലുള്ള എല്ലാ കര്‍മങ്ങളും ചെയ്യാനാകണം. പരസ്യവും രഹസ്യവുമായ നമ്മുടെ ജീവിതം വിശുദ്ധമാകണം. തഖ്വ നിങ്ങളില്‍ ഉണ്ടാകാനാണ് നോമ്പ് നിര്‍ബന്ധമാക്കിയത് എന്നാണല്ലോ അല്ലാഹു ഉണര്‍ത്തിയത്.

തറാവീഹ് റമസാനിലെ സവിശേഷ സുന്നത്ത് നിസ്‌കാരമാണ്. സാമാന്യം ദൈര്‍ഘ്യമുള്ള, രണ്ട് റക്അത്തുകള്‍ വീതം 20 റക്അത് ഉള്ള ഈ നിസ്‌കാരം വിശ്വാസികള്‍ എല്ലാവരും നിര്‍വഹിക്കണം. ഓരോ നിസ്‌കാരത്തിന്റെ ശേഷവും മറ്റുമായി അല്ലാഹുവിനോട് പാപമോചനം തേടണം. സ്വര്‍ഗത്തെ ചോദിക്കണം. നരകത്തില്‍ നിന്നുള്ള കാവല്‍ തേടണം. റമസാനില്‍ നിസ്‌കാര ശേഷവും മറ്റും പതിവാക്കുന്ന അശ്ഹദു അല്ലാഇലാഹ ഇല്ലല്ലാ…എന്ന പ്രാര്‍ഥന എത്ര അര്‍ഥവത്താണ്. വിശ്വാസികളുടെ ജീവിതത്തിന്റെ വലിയ അഭിലാഷം എന്നത് തന്നെ സ്വര്‍ഗപ്രവേശനമാണല്ലോ. റമസാനിലെ സവിശേഷമായ ദിക്റുകള്‍ എപ്പോഴും നമ്മുടെ അധരങ്ങളെ സജീവമാക്കണം.

ഖുര്‍ആനിനെ ഏറ്റവുമധികം പാരായണം ചെയ്യാന്‍ വിശ്വാസികള്‍ സമയം കണ്ടെത്തണം. റമസാനിലാണല്ലോ ഖുര്‍ആന്‍ ഇറക്കപ്പെട്ടത്. അല്ലാഹുവിന്റെ വചനങ്ങള്‍ പാരായണം ചെയ്യുമ്പോള്‍ ഹൃദയം ലങ്കും. ഖുര്‍ആന്‍ പഠിക്കാനും സമയം കണ്ടെത്തണം. പള്ളികളിലെ ഖുര്‍ആന്‍ പഠന ക്ലാസുകളില്‍ നമ്മുടെ സാന്നിധ്യം ഉണ്ടാകണം. ഖുര്‍ആന്‍ രണ്ടും മൂന്നും അതിലധികവും തവണ പൂര്‍ണമായി പാരായണം നടത്തി, ഖുര്‍ആന്‍ അനുകൂലമായി സാക്ഷി നില്‍ക്കുന്ന വിശ്വാസികളില്‍ ഉള്‍പ്പെടാന്‍ നമുക്കാകണം.
സകാത് വീട്ടാനുള്ളവര്‍ നിര്‍ബന്ധമായി അത് കൊടുത്ത് വീട്ടണം. കാരണം അത് പാവപ്പെട്ടവരുടെ അവകാശമാണ്. ആ ധനം നാമെടുത്ത്, നമ്മുടെ നോമ്പ് തുറക്കും മറ്റുള്ള കാര്യങ്ങള്‍ക്കും വേണ്ടി വിനിയോഗിച്ചാല്‍ കര്‍മങ്ങളെല്ലാം വിഫലമാകും. അല്ലാഹുവിന്റെ അടുത്ത് മറുപടിപറയേണ്ട വിധത്തില്‍ നാം തെറ്റുകാരുമാകും. സാമ്പത്തികമായ സൂക്ഷ്മതയില്‍ പ്രധാനമാണ് സകാത്ത് സമയത്ത് അര്‍ഹരായവര്‍ക്ക് നല്‍കുകയെന്നത്.

ദാനധര്‍മങ്ങളില്‍ നമ്മുടെ പങ്കാളിത്തം ഉണ്ടാകണം. വിശേഷിച്ചും കേരളത്തില്‍ അതേറ്റവും ആവശ്യമായ ഘട്ടമാണിത്. കഴിഞ്ഞ പ്രളയം ഏല്‍പ്പിച്ച ദുരിതത്തില്‍ അകപ്പെട്ട എത്രയോ വിശ്വാസികള്‍ ജീവിതത്തിന്റെ പച്ചപ്പ് തിരിച്ചു നേടാനുള്ള യത്‌നങ്ങളിലാണ്. നമ്മുടെ കണ്ണുകള്‍ അവര്‍ക്കു നേരെ ഉണ്ടാകണം. അതോടൊപ്പം, മറ്റു സംസ്ഥാനങ്ങളില്‍ നോമ്പ് തുറക്ക് പോലും അന്നത്തിനു വകയില്ലാത്തവരുണ്ട്. അവരെ സഹായിക്കാനുള്ള യത്‌നങ്ങളില്‍ നാം പങ്കാളികളാകണം.

റമസാനിലെ ഓരോ പത്തിന്റെയും സവിശേഷതകള്‍ വിശ്വാസികള്‍ക്ക് അറിയാവുന്നതാണ്. അതിനനുസരിച്ചു നമ്മുടെ ദിക്റുകളും പ്രാര്‍ഥനകളും ഉണ്ടാകണം. റമസാന്‍ പതിനേഴിലെ വിശുദ്ധമായ ബദര്‍ ശുഹദാക്കളുടെ ഓര്‍മകളും അനുസ്മരണങ്ങളും ഉണ്ടാവകണം. അവസാനത്തെ പത്തിലെ ഒറ്റയൊറ്റ രാവുകള്‍ നിദ്രാവിഹീനമാകണം. റമസാന്‍ അനുകൂലമായി സാക്ഷി നില്‍ക്കുന്ന, ലൈലത്തുല്‍ ഖദറിനെ വേണ്ട വിധം പരിഗണിക്കുന്ന വിശ്വാസികളില്‍ നമ്മെ ഉള്‍പ്പെടുത്തട്ടെ.

കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍

Leave a Reply