കേരള മുസ്‌ലിം ജമാഅത്ത് റമസാൻ കാമ്പയിന് തുടക്കമായി

കോഴിക്കോട്: കേരള മുസ്‌ലിം ജമാഅത്തിന്റെ റമസാൻ ക്യാമ്പയിന് തുടക്കമായി. “വിശുദ്ധ ഖുർആൻ വിശുദ്ധ റമസാൻ’ എന്ന പ്രമേയത്തിൽ വിവിധങ്ങളായ പരിപാടികൾ നടക്കും. തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിൽ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ റമസാൻ സൗഹൃദം നടക്കും. ജില്ലാ കേന്ദ്രങ്ങളിൽ ഇഫ്താർ, റമസാൻ കിറ്റ് വിതരണം, മീഡിയാ വിരുന്ന്, ഐ പി എഫ് ചാപ്റ്റർ ഇഫ്താർ എന്നിവ നടക്കും.

സോണുകളിൽ ബദ്ർ സന്ദേശവും ഇഫ്താറും റമസാൻ പ്രഭാഷണവും സർക്കിളുകളിൽ ഖത്മുൽ ഖുർആൻ പരിപാടികളും തസ്‌കിയ ക്യാമ്പുകളും സംഘടിപ്പിക്കും. ആറായിരത്തിലധികം യൂനിറ്റുകളിൽ ഖുർആൻ പാഠം, ബദ്ർ സ്മരണ, റമസാൻ കിറ്റ് വിതരണം, ഇഅ്തികാഫ് ജൽസ, തർതീൽ എന്നിവയും നടക്കും. ക്യാമ്പസുകളിലും ഹയർസെക്കൻഡറികളിലും ഇഫ്താർ മീറ്റും സംഘടിപ്പിക്കും.
ആതുര ആശ്വാസ രംഗത്തും റിലീഫ് സേവനങ്ങൾക്കും പ്രസ്ഥാന കുടുംബം ഈ കാലയളവിൽ അഞ്ച് കോടി രൂപയുടെ പ്രവർത്തനങ്ങൾ നടത്തും.

മലപ്പുറത്ത് നടന്ന റമസാൻ ക്യാമ്പയിൻ സംസ്ഥാന തല ഉദ്ഘാടനം സമസ്‌ത സെക്രട്ടറി പൊന്മള അബ്‌ദുൽ ഖാദിർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു. കേരള മുസ്‌ലിം ജമാഅത്ത് വൈസ് പ്രസിഡന്റ്എം എൻ സിദ്ദീഖ് ഹാജി അധ്യക്ഷത വഹിച്ചു. സമസ്‌ത മുശാവറ അംഗം മൊയ്തീൻ കുട്ടി ബാഖവി പൊന്മള, കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറിമരായ വണ്ടൂർ അബ്‌ദുർറഹ്മാൻ ഫൈസി, സി പി സെയ്തലവി മാസ്റ്റർ ചെങ്ങര, എൻ അലി അബ്‌ദുല്ല, ജില്ലാ ജനറൽ സെക്രട്ടറി പി മുസ്‌തഫ കോഡൂർ, ജില്ലാ ഫിനാൻസ് സെക്രട്ടറി എം അബ്‌ദുർറഹ്‌മാൻ ഹാജി, വി ടി ഹമീദ് ഹാജി, അബ്‌ദുർറഹ്‌മാൻ സഖാഫി ഊരകം പ്രസംഗിച്ചു.
ക്യാമ്പയിനിന്റെ മുന്നൊരുക്കമായി ജില്ലകളിൽ ഖാസി, ഇമാം, ഖത്വീബ് സംഗമങ്ങളും സോൺ തലങ്ങളിൽ മർഹബൻ ബിശഹ്‌രി റമസാൻ, ഖുർആൻ പാഠം എന്നിവയും നടന്നു.

Leave a Reply