പിറ കണ്ടു; ഇനി വ്രതവിശുദ്ധിയുടെ പകലിരവുകൾ

കോഴിക്കോട്: മര്‍ഹബന്‍ യാ ശഹ്റ റമസാന്‍… വിശുദ്ധിയുടെ വ്രതമാസത്തിന് സ്വാഗതം. പടിഞ്ഞാറന്‍ ചക്രവാളത്തില്‍ അമ്പിളിക്കല തെളിഞ്ഞതോടെ കേരളത്തില്‍ തിങ്കളാഴ്ച വ്രതാരംഭം. ഇനി ഒരു മാസക്കാലം വിശ്വാസികള്‍ക്ക് പുണ്യങ്ങളുടെ പൂക്കാലം.

ശഅബാന്‍ 29  ഞായറാഴ്ച് മാസപ്പിറവി ദൃശ്യമായതായി വിശ്വാസയോഗ്യമായ വിവരം ലഭിച്ചതിന്റെ
അടിസ്ഥാനത്തില്‍ തിങ്കളാഴ്ച റമസാന്‍ ഒന്നായിരിക്കുമെന്ന്

സംയുക്ത മഹല്ല് ജമാഅത്ത് ഖാസിമാരായ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ പ്രതിനിധി എ പി മുഹമ്മദ് മുസ്ലിയാര്‍, സയ്യിദ് ഇബ്റാഹീം ഖലീലുല്‍ ബുഖാരിയുടെ പ്രതിനിധി സയ്യിദ് ഹബീബുര്‍റഹ്മാന്‍ ബുഖാരി, സയ്യിദ് ളിയാഉല്‍ മുസ്തഫ മാട്ടൂല്‍, കോഴിക്കോട് മുഖ്യ ഖാസി ഇമ്പിച്ചഹമ്മദ് ഹാജി എന്നിവര്‍ അറിയിച്ചു. ശഅ്ബാന്‍ മുപ്പത് പൂര്‍ത്തിയാക്കി ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളിലും തിങ്കളാഴ്ച തന്നെയാണ് റമസാനിന് തുടക്കമാകുന്നത്.

വിശ്വാസികള്‍ക്കിനി പുണ്യങ്ങളുടെ പൂക്കാലമാണ്. ഒരു മാസം ഇനി അന്നപാനീയങ്ങളും വികാര വിചാരങ്ങളും വെടിയുന്നതിനൊപ്പം ഖുര്‍ആന്‍ പാരായണത്തിന്റെയും കാരുണ്യ പ്രവര്‍ത്തനങ്ങളുടെയും ദിനരാത്രങ്ങള്‍. ആരാധനകള്‍ക്ക് ഇരട്ടി പ്രതിഫലം ലഭിക്കുന്ന മാസം. തറാവീഹും ഇഫ്താറും സമ്മാനിക്കുന്ന പരസ്പര സ്നേഹവും കെട്ടുറപ്പും കൈമുതലാക്കി പാപങ്ങള്‍ പൊറുത്തുകിട്ടാന്‍ നാഥനോട് കേണപേക്ഷിക്കുന്ന സമയം.
മുസ്ലിം സംഘടനകള്‍ മസ്ജിദുകളിലും പൊതുസ്ഥലങ്ങളിലും കൂട്ട ഇഫ്താറുകള്‍, പഠന ക്ലാസുകള്‍, റമസാന്‍ പ്രഭാഷണം, ഇഅ്തികാഫ് ജല്‍സ, റിലീഫ് ഡേ തുടങ്ങിയ പദ്ധതികള്‍ക്ക് രൂപം കൊടുത്തിട്ടുണ്ട്.

Leave a Reply