ക്യാമ്പസുകൾ രാഷ്ട്രീയ ഗുണ്ടായിസം കളിക്കാനുള്ളതല്ല: എസ് എസ് എഫ്

കോഴിക്കോട്: ക്യാമ്പസുകള്‍ രാഷ്ട്രീയ ഗുണ്ടായിസം കളിക്കാന്‍ ഉള്ളതല്ലെന്നും വിദ്യാര്‍ഥിനിയുടെ ആത്മഹത്യാശ്രമത്തില്‍ നിഷ്പക്ഷവും സമഗ്രവുമായ അന്വേഷണം നടക്കണമെന്നും എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ കുറിപ്പിലെ ഓരോ ആരോപണങ്ങളും ഗൗരവമേറിയതാണ്. സെക്രട്ടറിയേറ്റ് മാര്‍ച്ച് ഉള്‍പ്പെടെയുള്ള സമര പരിപാടികളിലേക്ക് വിദ്യാര്‍ഥികളെ ഭീഷണിപ്പെടുത്തിയും സമ്മര്‍ദപ്പെടുത്തിയുംപിടിച്ചിറക്കുന്നത് തികഞ്ഞ അരാഷ്ട്രീയതയും രാഷ്ട്രീയ ഗുണ്ടായിസവുമാണ്.

വീട്ടില്‍ പോകാനാകാത്ത വിധം തടഞ്ഞുവെച്ചു എന്നതും പരീക്ഷ എഴുതുന്നത് തടസ്സപ്പെടുത്തുമെന്നതുള്‍പ്പെടെയുള്ള ഭീഷണികളും ഗൗരവത്തോടെ സമീപിക്കേണ്ടവയാണ്. സങ്കുചിതമായ കക്ഷിരാഷ്ട്രീയ താല്പര്യങ്ങള്‍ക്കൊത്ത് അമ്മാനമാടാനുള്ളതല്ല വിദ്യാര്‍ത്ഥികളുടെ ഭാവിയും വിദ്യാഭ്യാസവും. സമരങ്ങളുടെ പേരില്‍ ആഭാസങ്ങളും അക്രമങ്ങളും അഴിച്ചുവിടുന്ന പ്രവണതയില്‍ നിന്നും വിദ്യാര്‍ത്ഥി സംഘടനകള്‍ മാറേണ്ടതുണ്ട്.

പ്രിന്‍സിപ്പാളോട് പരാതിപ്പെട്ടിട്ടും പ്രയോജനമുണ്ടായില്ല എന്ന ആത്മഹത്യാക്കുറിപ്പിലെ ആരോപണം ഗുരുതരമാണ്. വിദ്യാര്‍ത്ഥി രാഷ്ട്രീയക്കാരുടെ ഗുണ്ടായിസങ്ങള്‍ക്കൊപ്പം നില്‍ക്കേണ്ടവരല്ല അധ്യാപകരും അധികാരികളും. ആത്മഹത്യാക്കുറിപ്പില്‍ വിദ്യാര്‍ഥി സംഘടനയെയും മറ്റും കുറ്റപ്പെടുത്തിയ വിദ്യാര്‍ത്ഥിനി ആര്‍ക്കെതിരെയും പരാതിയില്ലെന്ന് പോലീസില്‍ മൊഴി നല്‍കിയതിനു പിന്നിലെ രാഷ്ട്രീയ സമ്മര്‍ദ്ദങ്ങളും അന്വേഷണ വിധേയമാക്കണമെന്നും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും എസ് എസ് എഫ് ആവശ്യപ്പെട്ടു.

Leave a Reply