ജൈസലിനിത് സ്വപ്ന സാഫല്യം

കോട്ടക്കൽ: സ്വപ്‌നം പൂവണിഞ്ഞ നിർവൃതിയിൽ ജൈസൽ താനൂർ. മഹാപ്രളയ കാലത്ത് സ്വന്തത്തെ മറന്ന് രക്ഷാപ്രവർത്തനത്തിന് മുതുക് ചവിട്ടുപടിയാക്കി നൽകിയ ജൈസൽ താനൂരിന് ഇനി സന്തോഷത്തോടെ അന്തിയുറങ്ങാം. എസ് വൈ എസ് സംസ്ഥാന കമ്മിറ്റി ഐ സി എഫിന്റെ സഹകരണത്തോടെ നിർമിച്ച് നൽകിയ ദാറുൽ ഖൈറാണ് ജൈസലിനും കുടുംബത്തിനും ആശ്വാസമായത്. 1100 സ്‌ക്വയർ ഫീറ്റിൽ 16 ലക്ഷം രൂപ ചെലവിലാണ് ഇരുനില വീട് പണിതത്. കഴിഞ്ഞ സെപ്തംബറിലാണ് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ വീടിന് കുറ്റിയടിച്ചത്.

വേങ്ങര മുതലമട് നിന്ന് പ്രളയബാധിതരെ ബോട്ടിൽ കയറ്റുന്നതിന് വേണ്ടി കുനിഞ്ഞ് നിന്ന് ജൈസൽ മുതുക് ചവിട്ടിപടിയാക്കുകയായിരുന്നു. സംഭവം സാമൂഹിക മാധ്യമങ്ങളിൽ വൈറലായതാണ് ജൈസലിനെ അടയാളപ്പെടുത്തിയത്.

ദാറുൽ ഖൈർ സമർപ്പണ സമ്മേളനം സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറി പൊന്മള അബ്ദുൽ ഖാദർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു. സമസ്ത വൈസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങൾ താക്കോൽ കൈമാറി. എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ത്വാഹാ തങ്ങൾ അധ്യക്ഷത വഹിച്ചു. വണ്ടൂർ അബ്ദുറർഹ്മാൻ ഫൈസി, സൈതലവി ചെങ്ങര, എം മുഹമ്മദ് സ്വാദിഖ് വെളിമുക്ക്, മുഹമ്മദ് പറവൂർ പ്രസംഗിച്ചു. ഹബീബ് കോയ തങ്ങൾ, സയ്യിദ് ശറഫുദ്ദീൻ ജമലുലൈലി, സീതിക്കോയ തങ്ങൾ, സയ്യിദ് ജലാലുദ്ദീൻ ജീലാനി, വി പി എം ബശീർ പറവന്നൂർ, ജമാൽ കരുളായി, എ പി ബശീർ ചെല്ലക്കൊടി സംബന്ധിച്ചു.

Leave a Reply

Your email address will not be published.