എസ് വൈ എസ് സാന്ത്വന വാരത്തിന് തുടക്കമായി

കോഴിക്കോട്: വേദനിക്കുന്നവർക്ക് താങ്ങായി കൂടെയുണ്ട് ഞങ്ങൾ എന്ന സന്ദേശവുമായി ഇന്ന് മുതൽ ഈ മാസം 30 വരെ എസ് വൈ എസ് സാന്ത്വന വാരമാചരിക്കുന്നു. കിടപ്പിലായ രോഗികളുടെയും മറ്റു പ്രയാസങ്ങൾ അനുഭവിക്കുന്നവരുടെയും വീടുകളിൽ നേതാക്കളും സാന്ത്വനം വളണ്ടിയർമാരും നേരിട്ടെത്തി ആവശ്യമായ സഹായങ്ങൾ നൽകും. നേരെത്തേ യൂനിറ്റുകൾ കേന്ദ്രീകരിച്ച് സാന്ത്വനം വളണ്ടിയർമാർ നടത്തിയ സർവേയുടെ അടിസ്ഥാനത്തിലാണ് ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കുന്നത്.

രോഗ പരിചരണം, അവശ്യ മരുന്നുകൾ വാങ്ങുന്നതിനുള്ള മെഡിക്കൽ കാർഡ്, സൗജന്യ റേഷൻ, മെഡിക്കൽ ഉപകരണങ്ങളുടെ വിതരണം തുടങ്ങിയവയാണ് സാന്ത്വന വാരത്തിൽ ചെയ്യുന്ന പ്രധാനപ്പെട്ട സേവനങ്ങൾ. എസ് വൈ എസ് സാന്ത്വനകേന്ദ്രങ്ങൾ മുഖേന രോഗികൾക്കും ദുരിതമനുഭവിക്കുന്നവർക്കും മതിയായ മറ്റു സഹായങ്ങളും ഉറപ്പാക്കും.

രോഗികളോടും പ്രയാസമനുഭവിക്കുന്ന മനുഷ്യരോടുമുള്ള നമ്മുടെ കനിവ് അവരുടെ അവകാശവും സമൂഹത്തിന്റെ ബാധ്യതയുമാണെന്ന സന്ദേശം നൽകുന്ന കൊളാഷ് പ്രദർശനവും വിളംബരവും ഇന്ന് 6000 യൂനിറ്റുകളിൽ നടക്കും. തുടർന്നുള്ള ദിവസങ്ങളിൽ 5000 ഗ്രാമങ്ങളിലും പ്രധാന നഗരങ്ങളിലും ജീവിത ശൈലി രോഗങ്ങൾക്കെതിരെയുള്ള ബോധവത്കരണ സദസുകളും പ്രഷർ, പ്രമേഹം, കൊളസ്‌ട്രോൾ തുടങ്ങിയവ പരിശോധിക്കാനുള്ള ലാബ് സൗകര്യങ്ങളും ഒരുക്കും.

തെരുവിൽ കഴിയുന്ന പാവങ്ങൾക്ക് പൊതിച്ചോർ വിതരണം, സർക്കാർ ആശുപത്രികളിലെ വാർഡുകൾ നവീകരിക്കൽ, കുടിവെള്ളമുൾപ്പെടെയുള്ള അവശ്യ സൗകര്യങ്ങളൊരുക്കൽ തുടങ്ങിയവയും സാന്ത്വന വാരത്തിൽ നടക്കും.
പ്രളയ കാലത്ത് വീട് പൂർണമായും നഷ്ടപ്പെട്ട നൂറോളം കുടുംബങ്ങൾക്ക് എസ് വൈ എസ് നിർമിച്ചു നൽകുന്ന ദാറുൽ ഖൈർ ഭവന പദ്ധതിയിൽ പൂർത്തീകരിച്ച 52 വീടുകളുടെ സമർപ്പണം സാന്ത്വന വാരത്തിൽ നടക്കും.
നേരത്തേ വീട് ഭാഗികമായി നഷ്ടപ്പെട്ട 1200 കുടുംബങ്ങൾക്ക് ധന സഹായം നൽകിയിരുന്നു. സർക്കാർ മെഡിക്കൽ കോളജുകളും സർക്കാർ ആശുപത്രികളും കേന്ദ്രീകരിച്ച് കേരളത്തിലെ വിവിധ ജില്ലകളിൽ 5600 സാന്ത്വന വളണ്ടിയർമാർ ഇപ്പോൾ സേവനം ചെയ്യുന്നുണ്ട്.
ആരോഗ്യമുള്ള മനസ്സും ശരീരവും ജീവിതവുമാണ് നമുക്കാവശ്യമെന്നും നമ്മുടെ സമയവും അദ്ധ്വാനവും അവശത അനുഭവിക്കുന്നവർക്ക് പകുത്തു നൽകുകയെന്നത് മാനുഷിക ബാധ്യതയാണെന്നുമുള്ള സന്ദേശമാണ് ഈ വർഷത്തെ സാന്ത്വന വാരത്തിൽ എസ് വൈ എസ് ഉയർത്തിപ്പിടിക്കുന്നത്. സാന്ത്വന വാരത്തിലെ വിവിധ പ്രവർത്തനങ്ങൾക്ക് സംഘടനാ നേതാക്കളോടൊപ്പം 20,000ത്തോളം സാന്ത്വനം വളണ്ടിയർമാരും വിവിധ ജില്ലകളിൽ പങ്കാളികളാകും.

കോഴിക്കോട് സമസ്ത സെന്ററിൽ ചേർന്ന എസ് വൈ എസ് സംസ്ഥാന സെക്രട്ടേറിയറ്റ് സാന്ത്വന വാരത്തിന്ന് അന്തിമ രൂപം നൽകി.

സയ്യിദ് താഹാ തങ്ങൾ അധ്യക്ഷത വഹിച്ചു. മജീദ് കക്കാട്, ഡോ. എ പി അബ്ദുൽ ഹകീം അസ്ഹരി, ഡോ. പി എ മുഹമ്മദ് കുഞ്ഞി സഖാഫി, ദേവർശോല അബ്ദുസ്സലാം മുസ്‌ലിയാർ, എം വി സിദീഖ് സഖാഫി, മുഹമ്മദ് പറവൂർ, എസ് ശറഫുദ്ദീൻ, എം മുഹമ്മദ് സാദിഖ്, പങ്കെടുത്തു.

Leave a Reply