ആധ്യാത്മിക മാർഗമാണ് ഇസ്‌ലാമിന്റെ ശരിയായ സമീപനം: കാന്തപുരം

സെൻട്രൽ ജാവ (ഇന്തോനേഷ്യ): സ്‌നേഹവും കരുണയും മുന്നോട്ടുവെക്കുകയും എല്ലാവരോടും സഹിഷ്ണുതയോടെ ഇടപഴകാൻ പഠിപ്പിക്കുകയും ചെയ്യുന്ന സൂഫിസം ലോകത്ത് വിപുലമായ ചർച്ചകൾക്ക് വിധേയമാക്കേണ്ടതുണ്ടെന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ പറഞ്ഞു. ഇന്തോനേഷ്യയിലെ പ്രതിരോധ മന്ത്രാലയവും ഇസ്‌ലാമിക പണ്ഡിത സംഘടനയും സംയുക്തമായി സംഘടിപ്പിച്ച ലോക സൂഫി ഫോറത്തിന്റെ ഉദ്ഘാടന സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ആഗോള തലത്തിൽ ഇസ്‌ലാമിക സമൂഹം നിരവധി വെല്ലുവിളികൾ നേരിടുന്നു. സമുദായത്തിന് പുറത്തുനിന്നുള്ള ശത്രുക്കളുടെ ദ്രോഹം പോലെത്തന്നെ വിനാശകരമാണ് മതത്തിന്റെ അകത്തുനിന്നുള്ള ശരിയായ ഇസ്‌ലാമിനെ പഠിക്കാത്തവരുടെ പ്രചാരണങ്ങൾ. ഇബ്‌നു തൈമിയ്യയുടെ തെറ്റായ മതവ്യാഖ്യാനപ്രകാരം പിൽക്കാലത്ത് വന്ന പല ചിന്താധാരകളും ഇസ്‌ലാമിനകത്ത് പ്രശ്‌നം ഉണ്ടാക്കാൻ തുനിഞ്ഞിട്ടുണ്ട്. എന്നാൽ, യഥാർത്ഥ ഇലാഹീ വിശ്വാസവും സഹിഷ്ണുതയും സ്‌നേഹവും ഉയർത്തിപ്പിടിച്ച അഹ്‌ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ പണ്ഡിതൻമാർ ഓരോ കാലത്തും തെറ്റായ സംഹിതകളെ നിരാകരിക്കുകയും യഥാർത്ഥ മതത്തിന്റെ വഴിയിൽ വിശ്വാസികളെ ഉറപ്പിച്ചു നിറുത്തുകയും ചെയ്തിട്ടുണ്ട്.

നമ്മുടെ കാലത്ത് ഇസ്‌ലാമിനെ ശരിയായി മനസ്സിലാക്കാനും പ്രാവർത്തികമാക്കാനും കഴിവുള്ള സമൂഹത്തെ വിപുലമായി സൃഷ്ടിക്കാനുള്ള പദ്ധതികൾ അന്തർദേശീയതലത്തിൽ രൂപപ്പെടുത്താൻ ഈ സമ്മേളനം സഹായിക്കും: ഗ്രാൻഡ് മുഫ്തി പറഞ്ഞു.

ഇന്തോനേഷ്യയുടെ പ്രതിരോധ വകുപ്പ് മന്ത്രി റാമിസാദ് റാക്കിടു സമ്മേളനം ഉദ്ഘാടനം ചെയ്തു. ഇന്തോനേഷ്യൻ സ്വാതന്ത്ര്യ സമരത്തിന് ഏറ്റവും വലിയ സംഭാവന നൽകിയത് വിവിധ ത്വരീഖത്തുകൾ ആണെന്നും, മതപരമായ ഊർജത്തെ നശിപ്പിച്ച് ആധിപത്യം ഉറപ്പിക്കാൻ ശ്രമം നടത്തിയ ഡച്ചുകാരെ വിശ്വാസത്തിന്റെ ബലം കൊണ്ട് സൂഫികൾ പ്രതിരോധിച്ചെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയുമായി സംഭാഷണം നടത്തിയ അദ്ദേഹം ഇന്ത്യയിലെ മുസ്‌ലിംകളുടെ വൈജ്ഞാനികവും ആത്മീയവുമായ പ്രവർത്ത ന മണ്ഡലങ്ങളെക്കുറിച്ചറിഞ്ഞു. ഗ്രാൻഡ് മുഫ്തിയായി നിയമിതനായ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരെ പ്രത്യേകം അഭിനന്ദിച്ചു.

ഇന്തോനേഷ്യയിലെ പ്രമുഖ പണ്ഡിതനായ ഹബീബ് മുഹമ്മദ് ലുത്ഫി ബിൻ യഹ്‌യ അധ്യക്ഷത വഹിച്ചു. ലോകത്തെ അന്പത് രാഷ്ട്രങ്ങളിൽ നിന്നുള്ള പ്രധാന ഇസ്‌ലാമിക പണ്ഡിതരാണ് സമ്മേളനത്തിൽ സംബന്ധിക്കുന്നത്. ഒരേ സമയം നാല് വേദികളായി നടക്കുന്ന സമ്മേളനം നാളെ സമാപിക്കും.

Read more http://www.sirajlive.com/2019/04/09/362793.html

Leave a Reply