ഇന്തോനേഷ്യയിലെ അന്താരാഷ്ട്ര മുസ്‌ലിം പണ്ഡിത സമ്മിറ്റിൽ ഗ്രാൻഡ് മുഫ്തി മുഖ്യാതിഥി

കോഴിക്കോട്: ഇന്തോനേഷ്യയിലെ പ്രധാന മുസ്‌ലിം പണ്ഡിത സംഘടനയായ വേൾഡ് സൂഫി ഫോറവും ഇന്തോനേഷ്യൻ പ്രതിരോധ മന്ത്രാലയവും സംയുക്തമായി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര മുസ്‌ലിം പണ്ഡിത സമ്മിറ്റിൽ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ മുഖ്യാതിഥിയായി പങ്കെടുക്കും.
തിങ്കളാഴ്ച സെൻട്രൽ ജാവയിൽ ആരംഭിക്കുന്ന ത്രിദിന സമ്മേളനത്തിൽ മാനവിക സന്തോഷം നിലനിർത്തുന്നതിലും രാഷ്ട്രങ്ങളെ സംരക്ഷിക്കുന്നതിലും സൂഫിസത്തിനുള്ള പങ്ക് എന്ന വിഷയത്തിൽ കാന്തപുരം പ്രഭാഷണം നടത്തും.

ലോകത്തെ വിവിധ ഭൂഖണ്ഡങ്ങളിലെ 53 രാഷ്ട്രങ്ങളിൽ നിന്നുള്ള പ്രധാനപ്പെട്ട നൂറ് പണ്ഡിതരും 35 രാഷ്ട്രങ്ങളിലെ അംബാസിഡർമാരുമാണ് സമ്മേളനത്തിൽ സംബന്ധിക്കുന്നത്. ഇന്തോനേഷ്യൻ പ്രതിരോധ മന്ത്രി റാമിസാദ് രാക്കുഡു, മതകാര്യവകുപ്പ് മന്ത്രി ലുഖ്മാൻ സൈഫുദ്ദീൻ എന്നിവർ സംബന്ധിക്കും. ലോകത്ത് വർധിക്കുന്ന ഭീകരതയെ പ്രതിരോധിക്കാൻ ഇസ്‌ലാം സ്വീകരിക്കുന്ന വിവിധ മാതൃകളെകുറിച്ച് സമ്മേളനത്തിൽ ചർച്ചകൾ നടക്കും. മർകസ് ഡയറക്ടർ ഡോ. എ പി അബ്ദുൽ ഹകീം അസ്ഹരി കാന്തപുരത്തെ അനുഗമിക്കുന്നുണ്ട്. ഇതോടൊപ്പം മലേഷ്യ, സിംഗപ്പൂർ എന്നീ രാജ്യങ്ങളിലും കാന്തപുരം പര്യടനം നടത്തും. സിംഗപ്പൂർ സിറ്റിയിൽ മുസ്‌ലിം അസോസിയേഷൻ ഗ്രാൻഡ് മുഫ്തിക്ക് ഇന്ന് വൈകുന്നേരം സ്വീകരണം നൽകുന്നുണ്ട്.

Leave a Reply