സാമ്പത്തീക സംവരണം സവർണ മേധാവിത്തം പുനസ്ഥാപിക്കാനുള്ള ശ്രമം: എസ് എസ് എഫ്

പാലക്കാട്: ഇന്ത്യന്‍ നവോത്ഥാന പ്രസ്ഥാനങ്ങള്‍ നടത്തിയ ധീരോദാത്ത സമരങ്ങളുടെ സത്തയെ ചോര്‍ത്തിക്കളയുന്ന നടപടിയാണ് മുന്നോക്ക സംവരണമെന്ന് എസ് എസ് എഫ് സംസ്ഥാന കൗണ്‍സില്‍ അഭിപ്രായപ്പെട്ടു. നവോത്ഥാന പരിശ്രമങ്ങളുടെ ഫലമായി പത്തിമടക്കിയ ജാതി ബ്രാഹ്മണ്യത്തെ മേല്‍ക്കോയ്മാ സ്വഭാവത്തോടെ പുനരാനയിക്കാനുള്ള ശ്രമമാണിത്. ഭരണഘടനയോടും അതുയര്‍ത്തിപ്പിടിക്കുന്ന കീഴാളപക്ഷ അനുഭാവങ്ങളോടും സംഘപരിവാര്‍ പുലര്‍ത്തിവരുന്ന നിഷേധാത്മക സമീപനത്തിന്‍റെ തുടര്‍ച്ചയായാണ് ഈ നിയമത്തെയും കാണേണ്ടത്. ഭരണഘടന വിഭാവന ചെയ്യുന്ന സാമൂഹിക സമത്വത്തിലേക്ക് എത്തിച്ചേരുന്നതിനുള്ള ഫലപ്രദമായ പരിഹാരമാര്‍ഗം എന്ന നിലയ്ക്കാണ് ജാതിയില്‍ താഴ്ന്നവര്‍ക്കും മറ്റു പിന്നോക്ക വിഭാഗങ്ങള്‍ക്കും സംവരണം ഏര്‍പ്പെടുത്തിയത്. സാമ്പത്തികമായ വളര്‍ച്ചകൊണ്ട് സാമൂഹിക അസമത്വം പരിഹരിക്കാന്‍ കഴിയില്ലെന്ന ഭരണഘടനാ ശില്പികളുടെ മനോഗതം തിരുത്തിയെഴുതാനാണു സംഘ്പരിവാര്‍ ശ്രമിക്കുന്നത്. സംവരണത്തിന്‍റെ മുന്നുപാധിയായി സാമ്പത്തിക പരാധീനതയെ അവതരിപ്പിക്കുന്നതിലൂടെ ഫലത്തില്‍ ദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിയായി അത് മാറുകയാണ്. ഇതാകട്ടെ രാജ്യത്തെ 80 ശതമാനം വരുന്ന അധസ്ഥിതരുടെ താല്പര്യങ്ങള്‍ ഹനിക്കുന്നതും ഭരണഘടനാ തത്വങ്ങളെ വെല്ലുവിളിക്കുന്നതുമാണ്. ജനസംഖ്യയിലെ 20 ശതമാനം വരുന്ന സവര്‍ണര്‍ക്ക് പത്ത് ശതമാനം സംവരണം ഏര്‍പ്പെടുത്തുന്നത് വോട്ട് ബാങ്ക് ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ അജണ്ടയാണ്. ഇത് തിരിച്ചറിഞ്ഞു നിലപാട് സ്വീകരിക്കുന്നതിനു പകരം സംഘ്പരിവാറിനൊപ്പം നിന്ന് സവര്‍ണമേധാവിത്വത്തിനു കൈകൊടുക്കുകയാണ് മതേതര പാര്‍ട്ടികള്‍ ചെയ്തിരിക്കുന്നത്. ഇത് കീഴാള ജനതയോടുള്ള വെല്ലുവിളിയും ജനഹിതത്തെ ധിക്കരിക്കലുമാണ്. ബ്രാഹ്മണിക്കല്‍ മൂല്യബോധങ്ങളില്‍ പടുത്തുയര്‍ത്തപ്പെട്ട രാഷ്ട്രീയ കക്ഷികള്‍ക്കെതിരെ പുതിയ കീഴാളപക്ഷ രാഷ്ട്രീയം രൂപപ്പെടേണ്ടത് അനിവാര്യമായിരിക്കുന്നു.

Leave a Reply