ഓര്‍മകളിലെ ശൈഖുല്‍ ഹദീസ്‌

പൊന്നാനിയെ ‘കേരളക്കരയിലെ മക്ക’യാക്കി ഉയര്‍ത്തിയ മഖ്ദൂം താവഴിയില്‍പ്പിറന്ന മുസ്‌ലിയാരകത്ത് ഇസ്മാഈല്‍ മുസ്‌ലിയാര്‍. സ്വാതന്ത്ര്യ സമര സേനാനി ആലി മുസ്‌ലിയാരുടെ ശിഷ്യന്‍. 1921ലെ ഖിലാഫത്ത് ലഹളയില്‍ ആലി മുസ്‌ലിയാരെ പിടികൂടാന്‍ വെള്ളപ്പട്ടാളം തിരൂരങ്ങാടി പള്ളി വളഞ്ഞപ്പോള്‍ ധീരമായി ചെറുത്തുനിന്ന ഇസ്മാഈല്‍ മുസ്‌ലിയാര്‍ ആ യുദ്ധത്തില്‍ രക്തസാക്ഷിയായി. മുസ്‌ലിയാരകത്ത് കുടുംബത്തെ ഈ സംഭവം ദുഃഖത്തിലാഴ്ത്തി. വര്‍ഷങ്ങള്‍ക്കു ശേഷം, 1939ല്‍ ഇസ്മാഈല്‍ മുസ്‌ലിയാരുടെ ഇളയ സഹോദരന്‍ മുഹമ്മദ് മുസ്‌ലിയാര്‍ക്ക് ഒരു കുഞ്ഞ് പിറന്നു. ആ കുഞ്ഞിന് അവര്‍ ജ്യേഷ്ഠസഹോദരന്റെ സ്മരണക്കായി ഇസ്മാഈല്‍ എന്ന് നാമകരണം ചെയ്തു. നെല്ലിക്കുത്ത് ഇസ്മാഈല്‍ മുസ്‌ലിയാരുടെ ബാല്യകാലം കൈപ്പുനീര്‍ നിറഞ്ഞതായിരുന്നു. ഏഴാം വയസ്സില്‍ പിതാവ് മരിച്ചു. പിന്നീട് മാതാവിന്റെയും മാതുലന്മാരുടെയും തണലിലാണ് വളര്‍ന്നത്. പ്രാഥമിക പഠനം കഴിഞ്ഞ് പള്ളിദര്‍സില്‍ സ്ഥിരോത്സാഹിയായി പഠിച്ചുകൊണ്ടിരിക്കെ പതിനെട്ടാം വയസ്സില്‍ മാതാവും -കോട്ടക്കുത്ത് തറവാട്ടിലെ മറിയം – മരണപ്പെട്ടു. ഉമ്മയുടെ വേര്‍പാട് ഇസ്മാഈല്‍ മുസ്‌ലിയാര്‍ക്ക് താങ്ങാകുന്നതിലപ്പുറമായിരുന്നു. വീട്ടില്‍ ഉമ്മയും താനും മാത്രമാണ് താമസിച്ചിരുന്നത്. മാതാവിന്റെ വിയോഗത്തോടെ അദ്ദേഹം ആ വീട്ടില്‍ അക്ഷരാര്‍ഥത്തില്‍ തനിച്ചായി. അതേക്കുറിച്ചോര്‍ത്ത് അദ്ദേഹം പലപ്പോഴും വികാരഭരിതനാകുമായിരുന്നു. ദര്‍സില്‍ നിന്നു വല്ലപ്പോഴും നാട്ടിലെത്തി, അടഞ്ഞു കിടക്കുന്ന വീട് തുറക്കുമ്പോള്‍ കൈകള്‍ വിറകൊണ്ടു. പലപ്പോഴും അദ്ദേഹം സ്വന്തമായി ഭക്ഷണം പാചകം ചെയ്യും. ചിലരൊക്കെ വീട്ടുജോലികളില്‍ സഹായിക്കാന്‍ സന്നദ്ധരായി. ആയിടെ സുഹൃത്തുക്കള്‍ക്ക് അറബിയില്‍ കവിതാരൂപത്തില്‍ അയച്ച കത്ത് (ബൈത്ത്) വായിച്ച് ദര്‍സിലെ സഹപാഠികള്‍ കണ്ണുനീര്‍ വാര്‍ത്ത സംഭവം അദ്ദേഹം അയവിറക്കുമായിരുന്നു. പലരും നിനച്ചത് പഠനം ഇവിടെ നിര്‍ത്തേണ്ടിവരുമെന്നാണ്. എന്നാല്‍, പഠനത്തിനു പ്രതിബന്ധമില്ലാതിരിക്കാന്‍ പരമാവധി ശ്രമിച്ചു. നാട്ടില്‍ അടുത്ത ബന്ധുക്കളാരുമില്ലാതിരുന്നത് നിമിത്തം നാടുകളെല്ലാം അദ്ദേഹത്തിന് ഒരുപോലെ തോന്നി. ഇതോടെ സ്വത്തെല്ലാം വിറ്റ് അല്‍അസ്ഹറിലേക്ക് ഉപരിപഠനത്തിനു പോകാന്‍ ഉദ്യമിച്ചു. പഠനശേഷം എവിടെയെങ്കിലും ജീവിക്കാമെന്നാണ് കണക്കുകൂട്ടിയത്. പക്ഷേ, നാട്ടുകാര്‍ സദുദ്ദേശ്യപൂര്‍വം പിന്തിരിപ്പിക്കുകയായിരുന്നു. നെല്ലിക്കൂത്ത്, നിലമ്പൂര്‍, കിടങ്ങയം, വെട്ടിക്കാട്ടിരി, പുല്ലാര, വെട്ടത്തൂര്‍, എടപ്പറ്റ, മഞ്ചേരി, കരുവാരക്കുണ്ട്, പൊടിയാട്-മേല്‍മുറി എന്നീ പള്ളിദര്‍സുകളില്‍ പഠിച്ചു. ഓരോ വിഷയവും ഏറ്റവും പ്രവീണരുടെ പക്കല്‍നിന്ന് പഠിക്കണമെന്നത് അദ്ദേഹത്തിന്റെ അഭിലാഷമായിരുന്നു. മര്‍ഹൂം നെല്ലിക്കുത്ത് കുഞ്ഞസ്സന്‍ ഹാജി, മര്‍ഹൂം മഞ്ചേരി അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍, മര്‍ഹൂം ഫള്ഫരി കുട്ടി മുസ്‌ലിയാര്‍, മര്‍ഹൂം കെ സി ജമാലുദ്ദീന്‍ മുസ്‌ലിയാര്‍ തുടങ്ങിയ പ്രമുഖര്‍ പ്രധാന ഗുരുവര്യന്മാരായത് അങ്ങനെയാണ്. 1962ല്‍ ഉപരിപഠനത്തിനു ദയൂബന്ദിലേക്കു തിരിച്ചു. അവിടെ ‘ദൗറതുല്‍ ഹദീസി’ല്‍ ഒരു കൊല്ലം പഠിച്ചു. ഒരു വര്‍ഷം ഫുനുനില്‍ ചേര്‍ന്നു ഒന്നാമനായി വിജയിച്ചു. കേരളത്തിലെ പള്ളിദര്‍സുകളിലെ സിലബസിലില്ലാത്ത ‘ബിസ്തബാബ്’ ‘സ്വദറ,’ ‘ശംസ് ബാസിഹ’, ‘ശറഹ് വാഖിഫ്’ തുടങ്ങിയവയെല്ലാം ദയൂബന്ദിലെ പാഠ്യഗ്രന്ഥങ്ങളായിരുന്നു. 1964 മുതല്‍ ഇസ്മാഈല്‍ മുസ്‌ലിയാര്‍ സേവനരംഗത്ത് വ്യാപൃതനായി. അരിമ്പ്ര, നെല്ലിക്കുത്ത്, പുല്ലാര, കാവനൂര്‍, പൊടിയാട്-മേല്‍മുറി എന്നിവിടങ്ങളില്‍ മുദര്‍രിസായി സേവമനുഷ്ഠിച്ചു. മേല്‍മുറിയില്‍ മുദര്‍രിസായിരിക്കെ ഇ കെ അബൂബക്കര്‍ മുസ്‌ലിയാരുടെ നിര്‍ബന്ധപ്രകാരം നന്തി ദാറുസ്സലാം അറബി കോളജില്‍ പ്രൊഫസറായി. അഞ്ച് വര്‍ഷത്തിനുശേഷം മര്‍കസുസ്സഖാഫത്തിസ്സുന്നിയ്യയില്‍ ചേര്‍ന്നു. വിദ്യാര്‍ഥികളുടെ പ്രിയപ്പെട്ട ‘ശൈഖുല്‍ ഹദീസ്’. ജീവിതത്തില്‍ ചില ദൃഢനിശ്ചയങ്ങളെല്ലാമെടുത്തായിരുന്നു അദ്ദേത്തിന്റെ പ്രവര്‍ത്തനങ്ങള്‍. അതേക്കുറിച്ചദ്ദേഹം രസകരമായി പറഞ്ഞൊരു കാര്യമുണ്ട്. ‘നൂറ് മുദര്‍രിസുമാര്‍, നൂറ് തെങ്ങ്, നൂറ് കവുങ്ങ്’- ഇങ്ങനെയൊരു ആഗ്രഹം അദ്ദേഹത്തിനുണ്ടായി. ആഗ്രഹിച്ചതിലുമെത്രയോ ഇരട്ടി അല്ലാഹു അദ്ദേഹത്തിന് നല്‍കി. എത്ര വലിയ പണ്ഡിതന്മാരാണ് അദ്ദേഹത്തിന്റെ വിദ്യ നുകര്‍ന്നത്? ഒരു നിമിഷം പോലും പാഴാക്കുന്ന സ്വഭാവക്കാരനായിരുന്നില്ല ഉസ്താദ്. കൃഷി, പഠനം തുടങ്ങി എല്ലാറ്റിനുമദ്ദേഹം സമയം കണ്ടെത്തി. പഴയ പണ്ഡിതന്‍മാരുടെ പാതയില്‍ ഒരു മാതൃക കൂടി അദ്ദേഹം കാണിച്ചു. നല്ലൊരു വ്യാപാരി കൂടിയായിരുന്നു ഇസ്മാഈല്‍ ഉസ്ദാത്. അതും വിജ്ഞാനവുമായി ബന്ധപ്പെട്ടത് തന്നെ. മഞ്ചേരിയിലെ ‘നെല്ലിക്കുത്ത് ബുക്സ്റ്റാള്‍.’ മിക്ക വിഷയങ്ങളിലും അദ്ദേഹത്തിന് പരന്ന പാണ്ഡിത്യമുണ്ടായിരുന്നു. പ്രമാണങ്ങളുടെ വെളിച്ചത്തിലും യുക്തിപരമായും വിഷയങ്ങള്‍ സമര്‍ഥിക്കാനുള്ള കഴിവ് അദ്ദേഹത്തെ അഗ്രേസരന്മാരായ പണ്ഡിതന്മാരില്‍ നിന്ന് വേറിട്ടു നിര്‍ത്തി. തഫ്‌സീര്‍, ഹദീസ്, ഇസ്‌ലാമിക കര്‍മശാസ്ത്രം, വിശ്വാസ ശാസ്ത്രം, ഗോള ശാസ്ത്രം, വൈദ്യ ശാസ്ത്രം, തച്ചു ശാസ്ത്രം, ഭൂമി ശാസ്ത്രം തുടങ്ങിയ വിഷയങ്ങളില്‍ നിറഞ്ഞ പാണ്ഡിത്യം. ആധുനിക ശാസ്ത്ര വിഷയങ്ങളിലും അദ്ദേഹം നല്ല പരിജ്ഞാനം നേടി. ഗോള ശാസ്ത്രത്തിലും ഭൂമി ശാസ്ത്രത്തിലും ഇത്ര അവഗാഹമുള്ള പണ്ഡിതര്‍ അപൂര്‍വമാണ്. ‘ശൈഖുല്‍ ഹദീസ്’ എന്ന അഭിധാനത്തെ അന്വര്‍ത്വമാക്കുന്നതയിരുന്നു അദ്ദേഹത്തിന്റെ ഹദീസ് പാണ്ഡിത്യം. ഹാശിയത്തുല്‍ മിശ്ക്കാത്ത് എന്ന ഗ്രന്ഥ അദ്ദേഹം രചിക്കുകയുണ്ടായി. ഹദീസസുകളില്‍ അദ്ദേഹം നിരന്തരം പഠനം നടത്തിക്കൊണ്ടിരുന്നു. സംശയ നിവാരണത്തിന് നിരവധി പണ്ഡിതന്മാര്‍ അദ്ദേഹത്തെ സമീപിച്ചുകൊണ്ടിരുന്നു. വീടിന് കുറ്റിയടിക്കാന്‍ ആലോചിക്കുന്നവരുടെ മനസ്സില്‍ ആദ്യം തെളിയുന്ന പേരുകളിലൊന്നായിരുന്നു നെല്ലിക്കുത്ത് ഇസ്താദിന്റേത്. അദ്ദേഹത്തിന്റെ പരന്ന വിജ്ഞാനം സംവാദവേദികളില്‍ സുന്നീ പ്രസ്ഥാനത്തിന് വലിയ ഗുണം ചെയ്തു. മാസപ്പിറവി വിവാദത്തില്‍ അദ്ദേഹത്തിന്റെ വാദങ്ങള്‍ക്ക് മറുപടി പറയാന്‍ മറുപക്ഷം പരുങ്ങിയതും ഈ പാണ്ഡിത്യത്തിന്റെ ഗരിമകൊണ്ടായിരുന്നു. തന്റെ ശിഷ്യഗണങ്ങള്‍ സംവാദ വിദികളില്‍ സത്യം സമര്‍ഥിക്കുന്നത് സാവേശം അദ്ദേഹം ആസ്വദിച്ചു. യുക്തിക്ക് യുക്തിപരമായും രേഖകള്‍ക്ക് രേഖകൊണ്ടും കുതര്‍ക്കങ്ങള്‍ക്ക് അതുകൊണ്ടും അദ്ദേഹം മറുപടി നല്‍കി. സുന്നീ പ്രസ്ഥാനത്തോടൊപ്പം നിന്നതിന്റെ പേരില്‍ ഏറെ പ്രതിസന്ധികള്‍ അദ്ദേഹത്തിന് നേരിടേണ്ടിവന്നു. ഒരവസരത്തില്‍ അദ്ദേഹത്തിന് കുത്തേറ്റു. ജീവന്‍ പോലും അപകടത്തിലാകുമെന്ന് കരുതിയെങ്കിലും രക്ഷപ്പെട്ടു. സുന്നീ സമ്മേളനങ്ങളില്‍ ഒഴിച്ചുകൂടാനാകാത്ത ഒന്നായിരുന്നു നെല്ലിക്കുത്ത് ഇസ്മാഈല്‍ മുസ്‌ലിയാരുടെ പ്രഭാഷണം/പഠനക്ലാസ്. പണ്ഡിതന്മാര്‍ക്കും സാധാരണക്കാര്‍ക്കും മനസ്സിലാകുന്ന ഭാഷയില്‍ അദ്ദേഹം ഗഹനമായ വിഷയങ്ങള്‍ അവതരിപ്പിക്കും. വിദ്യാര്‍ഥികളുടെ മനസ്സ് നന്നായറിയുന്ന അദ്ദേഹത്തിന്റെ വിഷയാവതരണം ആവേശകരമായിരുന്നു. അവിടെ ഖുര്‍ആനും ഹദീസും ആധുനിക ശാസ്ത്രവും ന്യായ ശാസ്ത്രവും എല്ലാം കടന്നുവരും. ക്ലാസ് പലപ്പോഴും സംവാദവേദിയായി മാറി. വിദ്യാര്‍ഥികള്‍ക്ക് ഏതു വിഷയവും ചോദിക്കാം. ഏതു തരത്തിലുള്ളതായാലും ‘ഇസ്മാഈല്‍ ഉസ്താദിന്’ ഉത്തരമുണ്ടാകും. ഏകപക്ഷീയമായി ക്ലാസെടുത്തുപോകുന്ന ശൈലി അദ്ദേഹത്തിനില്ലായിരുന്നു. മുമ്പിലുള്ള കുട്ടികളെയും കൂട്ടിയേ അദ്ദേഹം വിഷയത്തിന്റെ ആഴങ്ങളിലേക്ക് പോകൂ. വിദ്യാര്‍ഥികളോട് ഒരു തരം ചങ്ങാത്തമായിരുന്നു അദ്ദേഹത്തിന്. സൗഹൃദവും സ്‌നേഹവും ഉസ്താദില്‍ നിന്ന് വിദ്യാര്‍ഥികളെല്ലാം ഏറെ അനുഭവിച്ചു. ജീവിതത്തില്‍ പുലര്‍ത്തേണ്ട മൂല്യങ്ങളും ജീവിതം വഴിമുട്ടുമ്പോള്‍ രക്ഷപ്പെടാനുള്ള വഴികളും അദ്ദേഹം അവര്‍ക്ക് പകര്‍ന്നുനല്‍കി. പ്രായം ഏറെയായിട്ടും സാവേശം അദ്ദേഹം ക്ലാസിലെത്തി. കുറച്ചുമുമ്പ് അസുഖം ബാധിച്ച് അല്‍പകാലം ചികിത്സയിലും വിശ്രമത്തിലുമായി കഴിഞ്ഞു. ആശ്വാസം ലഭിച്ചപ്പോള്‍ വീണ്ടും മര്‍കസിലെത്തി. ‘കുട്ടികളുടെ മുമ്പിലെത്തി ക്ലാസ് തുടങ്ങിയാല്‍ എല്ലാം തീരും.’ അദ്ദേഹം പറയുമായിരുന്നു. അടുത്ത സുഹൃത്തുക്കളായിരുന്നു നെല്ലിക്കുത്ത് ഉസ്താദും ചെറുശ്ശോല ഉസ്താദും . ഇരുവരുമൊന്നച്ചുള്ള സായാഹ്നങ്ങള്‍ മര്‍കസില്‍ ആഹ്ലാദകരമായിരുന്നു ഇരുവര്‍ക്കും. ചെറുശ്ശോല ഉസ്താദിന്റെ സാത്വികതയും നെല്ലിക്കുത്ത് ഉസ്താദിന്റെ ധിഷണയും പലപ്പോഴും മാറ്റുരക്കപ്പെടുന്ന വൈകുന്നേരങ്ങള്‍. കുറച്ചായി, മര്‍കസില്‍ നടക്കുന്ന ഖത്മുല്‍ ബുഖാരി, മര്‍കസ് സമ്മേളനം തുടങ്ങിയ പൊതുവേദികളില്‍ അദ്ദേഹം സംസാരിച്ചിരുന്നത് വിടവാങ്ങലിന്റെ സ്വരത്തിലായിരുന്നു. ”നിങ്ങളാണ് ഞങ്ങളുടെ സമ്പത്തെന്ന്” വീണ്ടും വീണ്ടും ആവര്‍ത്തിക്കും. പൂര്‍വവിദ്യാര്‍ഥികളടക്കമുള്ളവരോട് ഇത് പറയുമ്പോള്‍ ഉസ്താദ് വല്ലാതെ വികാര വിവശനാകും. പിന്നെ ശിഷ്യന്‍മാരോടുള്ള വസിയ്യത്തുകള്‍… ലോകത്ത് ഏറ്റവും നന്നായി അറബി ഭാഷ പഠിപ്പിക്കുന്നത് ഈജിപ്തിലും പിന്നെ കേരളത്തിലുമാണെന്നായിരുന്നു ഇസ്മാഈല്‍ ഉസ്താദിന്റെ പക്ഷം. സിലബസിന്റെ മെച്ചമാണിതിനു കാരണം. ഇമാം നവവി, ഇമാം റാസി പോലുള്ള പണ്ഡിതന്മാരുടെ ഗ്രന്ഥങ്ങള്‍- തുഹ്ഫ പോലുള്ള കര്‍മശാസ്ത്ര ഗ്രന്ഥങ്ങള്‍ പോലും- പഠിക്കാന്‍ അല്‍ഫിയ പഴയ ശൈലിയില്‍ തന്നെ ഓതിപ്പഠിക്കണം എന്നദ്ദേഹം തറപ്പിച്ചു പറയുമായിരുന്നു. മലയാളത്തിലെ മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ കനപ്പെട്ട കൃതികളുടെ കര്‍ത്താവ് കൂടിയാണ് നെല്ലിക്കുത്ത്. തൗഹീദ് ഒരു സമഗ്ര പഠനം എന്ന പുസ്തകം ഇസ്‌ലാമിക വിശ്വാസത്തെക്കുറിച്ച് മലയാളത്തിലെ ആധികാരിക ഗ്രന്ഥങ്ങളിലൊന്നാണ്. വലിയ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും ഈ പുസ്തകം ഹേതുവായി. ഈയൊരു പുസ്തകത്തിന്റെ പരിസരത്തുനിന്നുകൊണ്ടാണ് പില്‍ക്കാലത്ത് വിശ്വാസ സംബന്ധമായ ചര്‍ച്ചകളെല്ലാം ഉയിര്‍കൊണ്ടത്. മതങ്ങളിലൂടെ ഒരു പഠനപര്യടനം, ഇസ്‌ലാമിക സാമ്പത്തിക നിയമങ്ങള്‍ തുടങ്ങിയവയും ഗഹനമായ പഠനങ്ങളാണ്. ഇസ്മാഈല്‍ മുസ്‌ലിയാരുടെ ശ്രദ്ധേയമായ അറബി രചനകളാണ് ഫിഖ്ഹുസ്സുന്നയും അഖാഇദുസ്സുന്നയും. ആദ്യ കാലം മുതല്‍ ഇന്നേവരെയുള്ള പുരോഗമന ചിന്തയുടെ അന്തര്‍ധാരകള്‍ സംശോധിക്കുന്ന ഗ്രന്ഥം. യു എ ഇയിലെ ഔഖാഫ് മന്ത്രിയായിരുന്ന ശൈഖ് ഖസ്‌റജിയെ അഖാഇദുസ്സുന്ന ഹഠാദാകര്‍ഷിക്കുകയുണ്ടായി. കേരളത്തില്‍ വന്നപ്പോള്‍ ഗ്രന്ഥകാരനെ അന്വേഷിക്കുകയും ആമുഖത്തില്‍ രചയിതാവിനെക്കുറിച്ച് വിശദീകരണം വേണമെന്ന് അഭിപ്രായപ്പെടുകയും ചെയ്തു. യു എ ഇ ഔഖാഫിനു കീഴില്‍ ഈ ഗ്രന്ഥം വിതരണം ചെയ്യുന്നതിന് അദ്ദേഹം താത്പര്യം പ്രകടിപ്പിക്കുകയുമുണ്ടായി. പരമ്പരാഗത മുസ്‌ലിംകളും പുരോഗമന വാദികളും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ അപൂര്‍വം ചിലര്‍ക്ക് മാത്രം പ്രാപ്യമാകുന്നതാണെന്ന ധാരണ പൊളിച്ചുകളഞ്ഞ ഗ്രന്ഥങ്ങളാണ് ഫിഖ്ഹുസ്സുന്നയും അഖാഇദുസ്സുന്നയും.യുവപണ്ഡിതന്മാര്‍ക്ക് സംവാദത്തിനും ആശയസമര്‍ഥനത്തിനും വലിയ വഴികാട്ടിയും പ്രചോദനവുമായി ഈ ഗ്രന്ഥങ്ങള്‍. ആശയങ്ങളിലുള്ള ആഴം പുലര്‍ത്തിയപ്പോള്‍ തന്നെ ഭാഷയില്‍ ലാളിത്യത്തിന്റെ വഴി സ്വീകരിച്ചത് സ്വീകര്യത വര്‍ധിപ്പിച്ചു. ഹാശിയത്തുല്‍ മിശ്കാത്, ശറഹു തസ്‌രീഹില്‍ മന്‍തിഖ്, ശറഹു മുല്ലാഹസന്‍, ശറഹു രിസാല, ശറഹു ജലാലൈനി, നഹ്‌വ് സഹായി, ശറഹുല്‍ ജംഅ്, ശവാഹിദുല്‍ അല്‍ഫിയ പരിഭാഷ, മരണാനുബന്ധ മുറകള്‍, ജുമുഅ ഒരു പഠനം, ഔലിയാക്കളും ത്വരീഖത്തും, ഇസ്‌ലാംമതം, ഹജ്ജും ഉംറയും സിയാറത്തും, തഖ്‌ലീദ് ഒരു ഹ്രസ്വപഠനം, ഫതാവാ തുടങ്ങി മുപ്പതോളം കൃതികളുണ്ട് അദ്ദേഹത്തിന്റെതായി.

Leave a Reply